Monday, November 25, 2024

ഗബ്രിയേൽ ചുഴലിക്കാറ്റ് : ന്യൂസിലാൻഡിൽ നാല് മരണം

ന്യൂസിലാന്‍ഡില്‍ ഭീതി വിതച്ച ഗബ്രിയേല്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതിനു പിന്നാലെ രാജ്യത്തുണ്ടായ നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും, ഉരുൾപൊട്ടലിലും പെട്ട് നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്നു മാറ്റിപ്പാർപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് അറിയിച്ചു.

‘പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കേണ്ട ജീവൻരക്ഷാ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനാണ് സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ നല്‍കിയത്.’ – ഹിപ്കിൻസ് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ അഗ്നിശമന സേനാംഗം ഉൾപ്പെടെ നാല് പേർ മരിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. ഫെബ്രുവരി 12 ഞായറാഴ്ചയാണ് ഗബ്രിയേൽ ചുഴലിക്കാറ്റ് ‍ ന്യൂസിലാന്‍ഡില്‍ പ്രവേശിച്ചത്. രാജ്യത്തെ പ്രധാനപട്ടണങ്ങളിൽ എല്ലാം വലിയ നാശനഷ്ടം വരുത്തിയാണ് ഗബ്രിയേല്‍ തെക്കുകിഴക്കന്‍ തീരത്തേക്ക് നീങ്ങിയത്.

കൃഷിയിടങ്ങളും, പാലങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. ഇതുവരെ 9,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായിട്ടാണ് അധികൃതർ കണക്കാക്കുന്നത്. ഏകദേശം 3,000 പേരെ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്.

Latest News