ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് വീശിയടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വാഹനപകടത്തിൽ പതിമൂന്ന് സൈനികർക്ക് പരിക്കേറ്റു. വെള്ളപ്പൊക്കത്തിൽ ഒരു മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ശനിയാഴ്ച ക്വീൻസ്ലാൻഡ് തലസ്ഥാന നഗരമായ ബ്രിസ്ബേനിനടുത്ത് ആൽഫ്രഡ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. കൊടുങ്കാറ്റ് ശക്തമായതോടെ പ്രദേശത്തുള്ളവരോട് ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിരുന്നു.
അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടയിലായി. വൈദ്യുതി ലൈനുകളും മറിഞ്ഞു വീണതോടെ മേഖലയിലെ 300,000ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ വെള്ളപ്പൊക്കത്തിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് വെള്ളിയാഴ്ച വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ ഡോറിഗോയിൽ കാർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയതിനെ തുടർന്ന് കാണാതായ 61 വയസ്സുകാരന്റെയാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.
കാർ വെള്ളപ്പൊക്കത്തിൽ പെട്ടപ്പോൾ അതിലുണ്ടായിരുന്ന വ്യക്തി പ്രാണരക്ഷാർത്ഥം അടുത്തുള്ള മരത്തിൽ കയറുന്നത് കണ്ടെന്നും എന്നാൽ അയാൾ ഒഴുക്കിൽ പെട്ടു പോയെന്നും രക്ഷാപ്രവർത്തനത്തിന് എത്തിയവർ പറയുന്നു. മൃതദേഹം കാണാതായ ആളുടേതാണെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. അതേസമയം ഇന്നലെ സൈനികരുമായി ഇടുങ്ങിയ റോഡിലൂടെ പോകുകയായിരുന്ന ട്രക്ക് ശക്തമായ കാറ്റിനെ തുടർന്ന് അപകടത്തിൽ പെട്ടു. കാറ്റിൽ ഒരു ട്രക്കിനെ മറ്റൊരു ട്രക്ക് വന്ന് ഇടിച്ചതാണ് അപകടത്തിന് കാരണം. ഇതിൽ 13 സൈനികർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.