ലോകമാകെ ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവാണ് ദലൈലാമ. ‘അറിവിന്റെ അധിപന്‍’ എന്നാണ് ദലൈലാമ എന്ന വാക്കിനര്‍ത്ഥം. 16 ാം നൂറ്റാണ്ടിലെ മംഗോളിയന്‍ രാജാവ് ടിബറ്റിലെ ഒരു ബുദ്ധഭിക്ഷുവിന്റെ ജ്ഞാനത്തില്‍ ആകൃഷ്ടനായി അനുയായിയായി. അന്നു രാജാവ് സമ്മാനിച്ച ബഹുമതിയാണു ദലൈലാമ. 14 ാമത് ദലൈലാമയാണ് 1950 മുതല്‍ നിലവിലുള്ളത്. ടെന്‍സിന്‍ ഗ്യാറ്റ്സോ എന്നാണദ്ദേഹത്തിന്റെ പേര്. മുഴുവന്‍ പേര് ജെറ്റ്സന്‍ ജാംഫെല്‍ ങവാങ് ലൊബ്സാങ് യെഷി ടെന്‍സിന്‍ ഗ്യാറ്റ്സോ. 1959 ല്‍ 24 ാം വയസില്‍ സ്വന്തം രാജ്യമായ ടിബറ്റില്‍ നിന്നു പലായനം ചെയ്തശേഷം അദ്ദേഹം ഇന്ത്യയിലാണ് തങ്ങുന്നത്.
വടക്ക് കിഴക്കന്‍ ടിബറ്റിലെ താക്റ്റ്സെര്‍ എന്ന കര്‍ഷക ഗ്രാമത്തില്‍ 1935 ജൂലൈ 6-നായിരുന്നു ഗ്യാറ്റ്സോയുടെ ജനനം. ബാര്‍ലിയും ഉരുളക്കിഴങ്ങും വിളയിച്ച് ജീവിക്കുന്ന കര്‍ഷകദമ്പതികളുടെ മകനായിരുന്നു ഗ്യാറ്റ്സോ. ടിബറ്റന്‍ വംശജരുടെ പാരമ്പര്യവിശ്വാസപ്രകാരം രാജ്യം മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു രണ്ട് വയസുകാരനായ ഗ്യാറ്റ്സിന്‍ പതിമൂന്നാം ദലൈലാമയുടെ പുനര്‍ജന്മമാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞത്. 1940 ഫെബ്രുവരി 22-ന് അവനെ പുതിയ ലാമയായി വാഴിക്കുകയും ചെയ്തു. കുഞ്ഞുനാളിലെ ആ ചടങ്ങിനെക്കുറിച്ചുള്ള തന്റെ ഏറ്റവും തീവ്രമായ ഓര്‍മ്മ, മൂത്രമൊഴിക്കാന്‍ സാധിക്കാതെ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കേണ്ടി വന്നതുമാത്രമാണ് എന്ന് പിന്നീട് ദലൈലാമ തന്റെ ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള പലായനം
ടിബറ്റിന്റെ ചരിതകാലം മുതലേ അവര്‍ ചൈനയുമായി ശത്രുതയിലായിരുന്നു. ചൈനയാകട്ടെ ടിബറ്റിനെ ആക്രമിക്കാന്‍ സദാ തക്കം നോക്കിയിരിക്കുകയും. അവര്‍ ഏതുനിമിഷവും ലാമയുടെ കൊട്ടാരമായ പൊട്ടാല പാലസ് ആക്രമിച്ച് ലാമയെ തടവിലാക്കുമെന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. ഒരു ചൈനീസ് പട്ടാള ജനറല്‍ ചൈനീസ് നൃത്തപ്രകടനം വീക്ഷിക്കുന്നതിനായി ലാമയെ ക്ഷണിച്ചത് ടിബറ്റന്‍ ജനതയെ സംശയാലുക്കളാക്കി. അതോടെ ജനങ്ങള്‍ ദലൈലാമയുടെ രക്ഷയ്ക്കായി തെരുവുകളിലിറങ്ങുകയും കൊട്ടാരത്തിന് ചുറ്റും തടിച്ചുകൂടി അദ്ദേഹത്തിന് സംരക്ഷണവലയം തീര്‍ക്കുകയും ചെയ്തു.
1959 മാര്‍ച്ച് 17-ന് ലാമ ഒരു സാധാരണ സൈനികന്റെ വേഷത്തില്‍ കൊട്ടാരത്തിന് പുറത്തുകടന്ന് ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങി. ചൈന ഈ നീക്കം വളരെ താമസിച്ചാണറിയുന്നത്. അവര്‍ ദലൈലാമയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. മക് മോഹന്‍ രേഖ മുറിച്ചുകടന്ന് മൂന്നാഴ്ച്ചകള്‍ക്കുശേഷം മാര്‍ച്ച് 31-ന് അവര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തി. ഇന്ത്യയിലെ ആദ്യരാത്രി തവാങിലെ ബുദ്ധവിഹാരത്തിലാണ് ദലൈലാമ തങ്ങിയത്. പിന്നീട് ബോംദിലയിലും മസ്സൂറിയിലും എത്തി. മസ്സൂറിയില്‍ വെച്ച് അദ്ദേഹത്തെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു സ്വീകരിച്ചു.
ധര്‍മ്മശാല
ദലൈലാമ പിന്നീട് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ടിബറ്റന്‍ ഗ്രാമം സ്ഥാപിക്കുകയും തുടര്‍ന്ന് അവിടെ അദ്ദേഹത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. നിലവില്‍ ടിബറ്റന്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ദലൈലാമ ധര്‍മ്മശാല കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു. നിലവില്‍ 60 ലക്ഷത്തോളം വരുന്ന ടിബറ്റന്‍ ബുദ്ധമത വിശ്വാസികള്‍ അവരുടെ നേതൃസ്ഥാനത്ത് കാണുന്നത് ഇദ്ദേഹത്തെയാണ്. ചൈനയുടെ ക്രൂരമായ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ പലായനം ചെയ്ത ദലൈലാമ എണ്‍പത്തിയഞ്ചാം വയസ്സിലും ഇന്ത്യയില്‍ തുടരുന്നു. ഈ വൃദ്ധസന്യാസിയെ ചൈന ഇപ്പോഴും വെറുക്കുകയും ചാരക്കണ്ണുകളോടെ കാണുകയും ചെയ്യുന്നു എന്നതാണ് കൗതുകകരമായ വസ്തുത. ദലൈലാമയെ ക്ഷണിക്കുന്ന രാജ്യങ്ങള്‍ക്ക് ചൈന ഭീഷണിക്കത്ത് അയക്കുകയും ചെയ്യുന്നു.
കേരളത്തിനു പ്രിയങ്കരന്‍
കേരളത്തില്‍ പലതവണ വന്നിട്ടുണ്ട് ദലൈലാമ. 1965 ല്‍ ആലപ്പുഴയിലെ ബുദ്ധ പ്രതിമകളിലൊന്നായ കരുമാടി കുട്ടന്റെ മണ്ഡപം ദലൈലാമ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടെയാണ് വിഗ്രഹം ബുദ്ധപ്രതിമയാണെന്നു നാട്ടുകാര്‍ക്കു ബോധ്യമായത്. 2012 ല്‍ ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്തെത്തിയ ദലൈലാമ, കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍ പോകാനും സമയം കണ്ടെത്തി. കേരളത്തില്‍ മഴക്കെടുതി മൂലം ആളുകള്‍ ദുരിതം അനുഭവിച്ച സമയത്ത് ദലൈലാമ ട്രസ്റ്റ് വലിയ തുക സംഭാവനയായി കേരളത്തിന് നല്‍കിയിരുന്നു.
ചിരിയുടെ പ്രാധാന്യത്തെക്കുറിച്ച് ദലൈലാമ
2010 ല്‍ കൊച്ചിയില്‍ നടന്ന റിലീജിയസ് ഫ്രീഡം വേദിയില്‍ ‘ജീവിതത്തില്‍ ചിരിയുടെ പ്രാധാന്യമെന്ത്? എന്ന ചോദ്യത്തിന് ദലൈലാമ നല്‍കിയ ഉത്തരമിങ്ങനെയാണ്. ‘ ചിരി സ്വാഭാവികമാവണം. കൃത്രിമമായി ചിരിക്കുന്നവരുണ്ട്. മറ്റു ചിലര്‍ പിശുക്കിയേ ചിരിക്കു. മനസ്സില്‍ അപകര്‍ഷതാബോധം ഉണ്ടെങ്കില്‍ തമാശ പറയാനും ചിരിക്കാനും ബുദ്ധിമുട്ടാണ്. മനസ്സു ശാന്തമായിരുന്നാലേ ചിരി വരൂ’.
അംഗീകാരങ്ങള്‍
ഇപ്പോഴത്തെ ദലൈലാമയെ തേടി 1989 ല്‍ സമാധാനത്തിനുള്ള നോബെല്‍ പുരസ്‌കാരം, 1994 ല്‍ ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ് ഫ്രീഡം മെഡല്‍, 2006 ല്‍ യുഎസ്എ പരോമന്നത സിവിലിയന്‍ ബഹുമതി, 2011 ല്‍ മഹാത്മാഗാന്ധി രാജ്യാന്തര സമാധാന പുരസ്‌കാരം. 2015 ല്‍ ലിബര്‍ട്ടി പുരസ്‌കാരം, ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബ്രിട്ടനിലെ ടെംപിള്‍ടണ്‍ സമ്മാനം ഉള്‍പ്പെടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ എത്തി. ദലൈലാമയുടെ ആത്മകഥയായ മൈ ലാന്‍ഡ് ആന്‍ഡ് മൈ പീപ്പിള്‍, എന്റെ നാടും എന്റെ ജനങ്ങളും എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
പിന്‍ഗാമി ഇന്ത്യയില്‍ നിന്ന്?
തന്റെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നായിരിക്കാമെന്ന് ദലൈലാമ ഒരിക്കല്‍ സൂചന നല്‍കുകയുണ്ടായി. തനിക്കുശേഷം ചൈന ഉയര്‍ത്തിക്കൊണ്ടു വരുന്ന പിന്‍ഗാമിയെ വിശ്വാസികള്‍ അംഗീകരിച്ചേക്കില്ലെന്നും ദലൈലാമ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടിബറ്റുകാരുടെ വിശ്വാസപ്രകാരം അവരുടെ ആത്മീയ നേതാവ് ദലൈലാമ മരിച്ചാല്‍ ആത്മാവ് മറ്റൊരു ശരീരം സ്വീകരിച്ച് വീണ്ടും ജനിക്കും. എന്നാല്‍ ആത്മീയനേതാവിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ചൈന പറയുന്നത്.