പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗാസയിൽ നാലു ദിവസത്തെ വെടിനിർത്തലിനു ധാരണയായി. ഖത്തറിൻറെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചർച്ചകളെതുടര്‍ന്നാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഇതുസംബന്ധിച്ച വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി.
“വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കണം. അങ്ങനെയെങ്കില്‍, ഈ നാലു ദിവസം ഒരു ആക്രമണവും ഇസ്രയേൽ ഗാസയിൽ നടത്തില്ല. നാല് ദിവസത്തിനു ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരുന്നതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിക്കും” ഇസ്രയേൽ സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കില്ലെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുന്നതിന് കരാർ സഹായകമാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയച്ചു. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ജയിലുകളിൽ കഴിയുന്ന പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനും ഇസ്രയേൽ അനുമതി നൽകിയിട്ടുണ്ട്.
യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇസ്രായേൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നത്. ഖത്തര്‍ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തുടര്‍ച്ചയായ ചര്‍ച്ചകളുടെ ഭാഗമായാണ് തീരുമാനം. ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിൻറെ പിടിയിലുള്ളത്. അവരിൽ 30 കുട്ടികളും 20 സ്ത്രീകളുമടക്കം 50 ബന്ദികളെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുമെന്നാണ് വിവരം. ആദ്യം, ഹമാസ് ബന്ദികളെ റെഡ് ക്രോസിലേക്ക് മാറ്റുകയും അതിനുശേഷം അവരെ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) സൈനികർക്ക് കൈമാറുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.