വെനസ്വേലയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 25 മരണം. അമ്പതിലധികം പേരെ കാണാതായി. കനത്ത മഴയില്‍ അഞ്ച് നദികള്‍ കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് ദുരന്തം. രാജ്യത്ത് 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് വ്യക്തമാക്കി. നിരവധി കെട്ടിങ്ങളും വാഹനങ്ങളും മണ്ണിനടിയിലായിട്ടുണ്ട്. ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
റെക്കോര്‍ഡ് മഴയാണ് ഇത്തവണ രാജ്യത്ത് രേഖപ്പെടുത്തിയത് ഒരു മാസത്തില്‍ ലഭിക്കുന്ന മഴയാണ് ഒറ്റ ദിവസം കൊണ്ട് പെയ്തത്. ‘ജൂലിയ’ ചുഴലിക്കാറ്റിന്റെ ഭാഗമായി പലയിടങ്ങളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റെമിജിയോ സെബല്ലോസ് കൂട്ടിച്ചേര്‍ത്തു. ദുരന്തം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.