അമേരിക്കയില്‍ തുടരുന്ന ശീതകാല കൊടുങ്കാറ്റിൽ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയെന്നാണ് വിവരം. കനത്ത ഹിമപാതത്തെ തുടര്‍ന്ന് രണ്ടര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടമായതിനാല്‍ ക്രിസ്തുമസ് ദിനത്തില്‍ ജനങ്ങള്‍ ഇരുട്ടിലായിരുന്നു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമകരമായ ദൗത്യം പുരോഗമിക്കുകയാണ്.
“യു.എസിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ തീവ്രമായ മഞ്ഞ് വീഴ്ചയും കൊടും തണുപ്പും തുടരുന്നതിനാല്‍ യുദ്ധസമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. റോഡുകളുടെ ഇരുവശങ്ങളിലുമുള്ള വാഹനങ്ങളുടെ കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്” ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൽ പറയുന്നു.
നൂറുവര്‍ഷത്തിന് ഇടയിലുള്ള ഏറ്റവും വലിയ ശൈത്യമാണ് യുഎസില്‍ തുടരുന്നത്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുള്ള നിര്‍ദേശം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ നല്‍കിയിരുന്നു.
കനത്ത മഞ്ഞുവീഴ്ച തുടരുന്ന പടിഞ്ഞാറൻ ന്യൂയോർക്കിലെ ഗ്രേറ്റ് ലേക്സ് മേഖലയിൽ രണ്ട് മുതൽ മൂന്ന് അടി വരെ അധിക മഞ്ഞ് വീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പുതിയ നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് വിമാന സർവ്വീസുകളും പ്രധാന റോഡുകളും താത്കാലികമായി അടച്ചിരിക്കുകയാണ്. കാനഡയിലും സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.