Sunday, November 24, 2024

സന്നദ്ധപ്രവര്‍ത്തകരുടെ മരണം: ഇസ്രേലി സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി

വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ഏഴു പ്രവര്‍ത്തകര്‍ ഗാസയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും മൂന്നു സൈനികര്‍ക്കു താക്കീതു നല്കിയെന്നും ഇസ്രയേല്‍ അറിയിച്ചു. തിങ്കളാഴ്ചത്തെ ദാരുണ സംഭവത്തില്‍ ആഗോളതലത്തില്‍ സഖ്യകക്ഷികളില്‍നിന്നടക്കം അതിരൂക്ഷ വിമര്‍ശനം നേരിടുന്നതിനിടെ, ആക്രമണം വലിയ അപരാധമാണെന്നു സമ്മതിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ നടപടി.

ആക്രമണത്തിനു നേതൃത്വം നല്കിയ മേജര്‍ റാങ്കിലുള്ള ബ്രിഗേഡ് ഫയര്‍ സപ്പോര്‍ട്ട് കമാന്‍ഡര്‍, റിസര്‍വ് സേനയില്‍ കേണല്‍ റാങ്കുള്ള ബ്രിഗേഡ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെയാണു പുറത്താക്കിയത്. ഡ്രോണ്‍ പകര്‍ത്തിയ അവ്യക്ത ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും ഗുരുതരമായ ചട്ടലംഘനം നടന്നുവെന്നും ഇസ്രയേല്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിട്ട. മേജര്‍ ജനറല്‍ യൊവാവ് ഹാര്‍-ഇവന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ദാരുണസംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ഇനി സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സൈനിക വക്താവ് ഡാനിയല്‍ ഹാഗാരി പറഞ്ഞു.

ബ്രിട്ടീഷ്, യുഎസ് പൗരന്മാരടക്കമുള്ള ഏഴു സന്നദ്ധപ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ഗാസയില്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കി മടങ്ങവേ ആക്രമണത്തിനിരയായത് എങ്ങനെയെന്നു റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ഡ്രോണ്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേണല്‍ ആണ് ആക്രമണത്തിന് ഉത്തരവിട്ടത്. ബാഗ് ധരിച്ച സന്നദ്ധപ്രവര്‍ത്തകനെ തോക്കുധാരിയെന്നു തെറ്റിദ്ധരിച്ചു. ആദ്യം ഒരു വാഹനത്തിനു നേര്‍ക്ക് മിസൈല്‍ പ്രയോഗിച്ചു.

ഈ വാഹനത്തില്‍നിന്നു രണ്ടു പേര്‍ രക്ഷപ്പെട്ട് മറ്റൊരു വാഹനത്തില്‍ കയറി. അപ്പോള്‍ ഇസ്രേലി സേന രണ്ടാമത്തെ വാഹനത്തിനു നേര്‍ക്കു മിസൈല്‍ പ്രയോഗിച്ചു. ഈ ആക്രമണത്തെയും കുറച്ചുപേര്‍ അതിജീവിച്ചു. ഇവര്‍ മൂന്നാമതൊരു വാഹനത്തില്‍ കയറി. എന്നാല്‍ അതിനു നേര്‍ക്കും സേന മിസൈല്‍ പ്രയോഗിച്ചു. ഇതോടെ എല്ലാ സന്നദ്ധപ്രവര്‍ത്തകരും മരിച്ചു. സന്നദ്ധപ്രവര്‍ത്തകരുടെ വാഹനം ഹമാസ് ഭീകരര്‍ തട്ടിയെടുത്തുവെന്ന ധാരണയിലായിരുന്നു ആക്രമണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മൂന്ന് വ്യോമാക്രമണങ്ങള്‍ സൈനിക ചട്ടങ്ങളുടെ ലംഘനമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

 

Latest News