അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനമായ യൂട്ട സന്ദർശിക്കാനെത്തിയ പ്രസിഡന്റ് ജോ ബൈഡനുനേരെ ഭീഷണി മുഴക്കിയ ആളെ വെടിവച്ചുകൊന്നു. ബൈഡന്റെ സന്ദര്‍ശനത്തിന് എതാനും മണിക്കൂറുകള്‍ക്കുമുന്‍പ് എഫ്.ബി.ഐ റെയ്ഡിനിടെയാണ് സംഭവം. വധഭീഷണി മുഴക്കിയ ക്രെയ്ഗ് റോബര്‍ട്ട്‌സ് എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാൻ നടത്തിയ ശ്രമങ്ങള്‍ക്കിടെയുണ്ടായ സംഘട്ടനത്തിലാണ് ഇയാള്‍ കൊല്ലപ്പട്ടത്.
ബൈഡൻ യൂട്ടയിലേക്ക് വരുന്നുണ്ടെന്നു കേട്ടു, അതിനാൽ സ്നൈപ്പർ തോക്ക് തയാറാക്കിവയ്ക്കുകയാണെന്ന്, കൊല്ലപ്പട്ടയാള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതായി എഫ്.ബി.ഐ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ എഫ്.ബി.ഐ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടല്‍ നടക്കുകയും ഇത് വെടിവയ്പ്പില്‍ കലാശിക്കുകയുമായിരുന്നു. പ്രാദേശിക സമയം രാവിലെ 6:15 -ഓടെയാണ് വെടിവയ്പ്പ് നടന്നതെന്ന് എഫ്.ബി.ഐയുടെ സാള്‍ട്ട് ലേക്ക് സിറ്റി ടീം അറിയിച്ചു.
എഫ്.ബി.ഐയുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട റോബർട്സൺ, ട്രംപ് അനുകൂലിയാണെന്നാണ് വിവരം. ഇയാള്‍ സമൂഹമാധ്യമങ്ങൾ വഴി ബൈഡനെ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. അതേസമയം, “ഡെമോക്രാറ്റ് (ബൈഡന്റെ പാർട്ടി) ഉന്മൂലനം” എന്ന് പേരിട്ടിരിക്കുന്ന സെമി-ഓട്ടോമാറ്റിക് റൈഫിൾ ഉൾപ്പെടെ തന്റെ വിപുലമായ തോക്ക് ശേഖരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ റോബർട്സൺ പങ്കുവച്ചിരുന്നു.