Wednesday, November 27, 2024

കനത്തമഴയിലും മേഘവിസ്ഫോടനത്തിലും ഹിമാചൽപ്രദേശിൽ മരണം 50 കടന്നു

ഹിമാചൽപ്രദേശിൽ കനത്തമഴയിലും മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 50 കടന്നു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 55 മണിക്കൂറിലേറെയായി തുടരുന്ന കനത്ത മഴ ഓഗസ്റ്റ് 19 വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സോളൻ ജില്ലയിലെ ഒരു ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്‌ച രാത്രി ജാഡോൺ ഗ്രാമത്തിലാണ് സംഭവം നടന്നത്. രണ്ട് വീടുകൾ ഒലിച്ചുപോയി, ആറ് പേരെ രക്ഷപ്പെടുത്തിയതായി സോളൻ ഡിവിഷണൽ കമ്മീഷണർ മൻമോഹൻ ശർമ്മ പറഞ്ഞു. ഹർനം (38), കമൽ കിഷോർ (35), ഹേമലത (34), രാഹുൽ (14), നേഹ (12), ഗോലു (8), രക്ഷ (12) എന്നിവരാണ് മരിച്ചതെന്ന് സോളൻ പൊലീസ് സൂപ്രണ്ട് (എസ്‌പി) ഗൗരവ് സിംഗ് പറഞ്ഞു.

സമ്മർ ഹിൽസിലെ ശിവക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാവിലെ 7.15 ഓടെയായിരുന്നു അപകടം. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് സൂചന. അപകടസമയത്ത് മുപ്പതോളം പേർ ക്ഷേത്രത്തിലുണ്ടായിരുന്നു. അതേസമയം, മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറണമെന്നും സഞ്ചാരികൾ ഹിമാചലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആവശ്യപ്പെട്ടു. കൂടാതെ വീടുവിട്ട് പുറത്തിങ്ങരുതെന്നും അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Latest News