Wednesday, November 27, 2024

ഒഡീഷയില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 237 ആയി

ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 237 ആയി ഉയര്‍ന്നു. 900 -ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്ത് ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.ഇന്നലെ വൈകിട്ട് 7.20 നായിരുന്നു സംഭവം. അപകടത്തില്‍ കൊറോമണ്ടേൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍റെ എട്ടു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. മറിഞ്ഞ ബോഗിക്കുള്ളിൽ കുടുങ്ങി കിടന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

അപകടത്തിനു പിന്നാലെ പരിക്കേറ്റവരെ സോറോ, ഗോപാൽപുർ എന്നിവിടങ്ങളിലെ സമൂഹികാരോഗ്യ കേന്ദ്രത്തിലും ഖന്തപദ പ്രൈമറി ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപാ ധനസഹായം പ്രഖ്യപിച്ചു. ഇതില്‍ റെയില്‍വേ മന്ത്രാലയം 10 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതവും നല്‍കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ദനസഹായമായി നല്‍കും. ട്രെയ്ന്‍ അപകടത്തെ നിര്‍ഭാഗ്യകരമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചത്.

 

Latest News