Wednesday, December 4, 2024

എത്യോപ്യയില്‍ മണ്ണിടിച്ചില്‍; മരണം 500 കടക്കുമെന്ന് യുഎന്‍

തെക്കന്‍ എത്യോപ്യയിലുണ്ടായ രണ്ട് മണ്ണിടിച്ചിലില്‍ മരണം 275 ആയി. മരണ സംഖ്യ 500 കടന്നേക്കുമെന്ന് യുഎന്‍ ഏജന്‍സികള്‍ പറയുന്നു. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. തെക്കന്‍ എത്യോപ്യയുടെ പര്‍വതപ്രദേശമായ ഗോഫയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. പിന്നീട് ഇവിടെ ഓടിക്കൂടിയ ആളുകളുടെ മേല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവില്‍ എത്ര പേര്‍ മണ്ണിനടിയിലാണെന്ന് വ്യക്തമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഇവിടേക്ക് എത്താന്‍ റോഡുകള്‍ ഇല്ലാത്തതിനാല്‍ മണ്ണ് മാറ്റാനായി മണ്ണുമാന്തി അടക്കമുള്ള യന്ത്രങ്ങള്‍ പ്രദേശത്തേക്ക് എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും, മണ്ണ് മാറ്റാനായി പിക്കാസും മഴുവും പോലുള്ള ഉപകരണങ്ങളാണ് പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്. മണ്ണിനടിയില്‍പ്പെട്ട ഉറ്റവര്‍ക്കായി നഗ്‌നമായ കൈകളുപയോഗിച്ചാണ് പ്രദേശവാസികള്‍ മണ്ണ് മാറ്റുന്നത്. മണ്ണ് ഇടിയുമോ എന്ന ഭീതിയും പ്രദേശത്ത് നില നില്‍ക്കുന്നുണ്ട്.

തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ (199 മൈല്‍) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സതേണ്‍ നേഷന്‍സ്, നാഷണാലിറ്റിസ് ആന്‍ഡ് പീപ്പിള്‍സ് റീജിയണ്‍ (എസ്എന്‍എന്‍പിആര്‍) എന്നറിയപ്പെടുന്ന സംസ്ഥാനത്തിന്റെ ഭാഗമാണ് ഗോഫ. ആദ്യ മണ്ണിടിച്ചിലിന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം രണ്ടാമത്തെ മണ്ണിടിച്ചില്‍ സംഭവിച്ചതായി പാര്‍ലമെന്റേറിയന്‍ കെമാല്‍ ഹാഷി മുഹമ്മദ് പറഞ്ഞു.

 

Latest News