Thursday, May 15, 2025

ഡിസംബര്‍ 6: ഡോ. ബി. ആര്‍ അംബേദ്കര്‍ ഓര്‍മ്മദിനം

ഇന്ത്യയിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ വിമോചന നായകനും വിപ്ലവകാരിയും ഭരണഘടനാശില്‍പ്പിയുമായിരുന്നു ഡോ. ബി. ആര്‍. അംബേദ്കര്‍. നൂറ്റാണ്ടുകളായി മഹാരാഷ്ട്രയില്‍ അധ:കൃതവിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തിലായിരുന്നു ഭീം റാവു അംബേദ്കറുടെ ജനനം. രാംജിയുടേയും ഭീമാബായിയുടെയും പതിനാലാമത്തെ മകനായിരുന്നു അദ്ദേഹം. എത്ര ബുദ്ധിമുട്ടിയാലും മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന വാശി ഭീമിന്റെ പിതാവ് രാംജിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണശേഷം സത്താറയിലേക്ക് രാംജിയും കുടുംബവും താമസം മാറി. സത്താറയിലെ സ്‌കൂളിലായിരുന്നു ഭീമിന്റെ പഠനം. അന്ന് അയിത്തജാതിക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ബുദ്ധിമുട്ടേറിയതായിരുന്നു. സ്‌കൂളില്‍ പോകുമ്പോള്‍ ഇരിക്കാനായി ചാക്കുകഷണം കൂടി കൊണ്ടുപോകണം. ക്ലാസ് മുറിയുടെ ഒരറ്റത്ത് ചാക്ക് വിരിച്ചാണ് ഇരുത്തുക. ബെഞ്ചും ഡസ്‌കും സവര്‍ണരുടെ കുട്ടികള്‍ക്ക് മാത്രമായിരുന്നു.

പേര് മാറ്റിയ അധ്യാപകന്‍

ഭീം റാവു അംബാവേഡക്കര്‍ എന്നാണ് അംബേദ്കറുടെ ശരിയായ പേര്. ജനിച്ച സ്ഥലത്തിന്റെ പേര് ഒപ്പം ചേര്‍ക്കുക എന്നതുകൊണ്ട് അംബാവാഡിയില്‍ ജനിച്ച ഭീമിന്റെ പേരിനൊപ്പം അബാവഡേക്കര്‍ എന്ന് ചേര്‍ത്തു. ഭീം ഒരിക്കല്‍ സ്‌കൂളില്‍ വച്ച് മറ്റു കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഇരുന്നെങ്കിലും താഴ്ന്നജാതിക്കാരനായതിനാല്‍ അവര്‍ അവനെ ആട്ടിപ്പായിച്ചു. ഇക്കാര്യം അവന്‍ തന്റെ അധ്യാപകരോട് പറഞ്ഞപ്പോള്‍ തന്റെ അടുത്ത് വന്നിരുന്ന് കഴിച്ചോളൂ എന്ന് ഭീമിനോട് സ്നേഹനിധിയായ ഒരു അധ്യാപകന്‍ പറഞ്ഞു. ഭീമിന്റെ അയിത്തം മാറ്റാന്‍ എന്തു ചെയ്യണമെന്ന് ചിന്തിച്ച ആ അധ്യാപകന്‍ ഒരു മാര്‍ഗം കണ്ടെത്തി. അവന്റെ പേര് മാറ്റുക. അങ്ങനെ ആ അധ്യാപകന്‍ തന്റെ കുടുംബപ്പേരായ അംബേദ്കര്‍ ഭീമീന്റെ പേരിനോട് ചേര്‍ത്തു. അങ്ങനെ അവന്‍ ഭീം അംബേദ്കറായി.

വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍

വിദേശത്ത് പഠിച്ച് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് അംബേദ്കര്‍. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷത്തെ പഠനത്തിനിടെ സാമ്പത്തികശാസ്ത്രത്തില്‍ 29, ചരിത്രത്തില്‍ 11, സാമൂഹിക ശാസ്ത്രത്തില്‍ ആറ്, തത്വചിന്തയില്‍ ഏഴ്, നരവംശ ശാസ്ത്രത്തില്‍ നാല്, രാഷ്ട്രമീമാംസയില്‍ മൂന്ന്, ഫ്രഞ്ചിലും ജര്‍മ്മനിലും ഓരോന്ന് എന്നിങ്ങനെ വീതം അദ്ദേഹം കോഴ്‌സുകള്‍ പഠിച്ചു.

റിസര്‍വ് ബാങ്ക് രൂപീകരണത്തില്‍ നിര്‍ണായക പങ്ക്

ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച ഹില്‍ട്ടണ്‍ യംഗ് കമ്മീഷന് മുന്നില്‍ കേന്ദ്ര ബാങ്കെന്ന ആശയം വരുന്നത് അംബേദ്കര്‍ മുന്നോട്ട് വച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്്ഥാനത്തിലാണ്. ‘ദ പ്രോബ്ലം ഓഫ് ദ റുപ്പി – ഇറ്റ്‌സ് ഒറിജിന്‍ ആന്‍ഡ് ഇറ്റ്‌സ് സൊലൂഷന്‍’ എന്ന പുസ്തകത്തിലാണ് അംബേദ്കര്‍ നിര്‍ദ്ദേശങ്ങള്‍ ആദ്യമായി മുന്നോട്ട് വച്ചത്. രൂപയുടെ പ്രശ്‌നം പണപ്പെരുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അംബേദ്കര്‍ ചൂണ്ടിക്കാട്ടി.

ചവാദര്‍ ടാങ്കില്‍ നിന്നു വെള്ളം കുടിച്ച അംബേദ്കര്‍

ഡോ.അംബേദ്കറുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു ദളിതുകള്‍ക്ക് തടാകത്തില്‍ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള മഹദ് സത്യാഗ്രഹം. മഹാരാഷ്ട്രയിലെ ഒരു ചെറു പട്ടണമായ മഹദിലാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്. മഹദിലെ ചവാദര്‍ ടാങ്ക് എന്നറിയപ്പെട്ടിരുന്ന വലിയ ചിറയില്‍ നിന്ന് ദളിതുകള്‍ വെള്ളം കുടിക്കുന്നതും ശേഖരിക്കുന്നതും സവര്‍ണര്‍ വിലക്കിയിരുന്നു. അംബേദ്കര്‍ ഒരു സംഘം അനുയായികളോടൊപ്പം ഇവിടെ എത്തി ചവാദര്‍ ടാങ്കില്‍ നിന്ന് വെള്ളം കുടിച്ചു. പൊതുജല സ്രോതസുകള്‍ ദളിതര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നനൊപ്പം ദളിത് ശാക്തീകരണത്തിനും ഈ സംഭവത്തിലൂടെ അംബേദ്കര്‍ കരുത്ത് പകര്‍ന്നു. നമ്മള്‍ ഇവിടെ വെറുതെ വെള്ളം കുടിക്കാന്‍ മാത്രം വന്നതല്ല. എല്ലാ മനുഷ്യരേയും പോലെയാണ് നമ്മളെന്ന് കാണിച്ച് കൊടുക്കാന്‍ വേണ്ടി തന്നെ വന്നതാണ് – അംബേദ്കര്‍ പറഞ്ഞു.

തൊഴില്‍ സമയം 12ല്‍ നിന്ന് എട്ട് മണിക്കൂറിലേയ്ക്ക്

1942 മുതല്‍ 46 വരെ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയ് കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു ഡോ.അംബേദ്കര്‍. നിരവധി തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ക്ക് പിന്നില്‍ അംബേദ്കറുടെ സംഭാവനയുണ്ടായിരുന്നു. അതിലൊന്നാണ് ഇന്ത്യയിലെ തൊഴില്‍ സമയം 12ല്‍ നിന്ന് എട്ടാക്കി ചുരുക്കിയത്. 1942 നവംബറില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലാണ് ഇത് അംഗീകരിക്കപ്പെട്ടത്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ലീവ്, തുല്യജോലിക്ക് തുല്യ വേതനം, മിനിമം വേതനം, അവധി ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം അംബേദ്കറുടെ ശ്രമഫലമായി ഉറപ്പ് വരുത്തപ്പെട്ടു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ചു. ട്രേഡ് യൂണിയനുകള്‍ ശക്തിപ്പെടുത്തി.

ഭരണഘടനയുടെ ശില്‍പി

ഭാരതത്തിന് സ്വന്തമായി ഒരു ഭരണഘടന ആവശ്യമായി വന്നപ്പോള്‍ ആ ചുമതലയും അദ്ദേഹത്തില്‍ വന്നു ചേര്‍ന്നു. ഭരണഘടന നിര്‍മ്മാണസഭ രൂപപ്പെട്ടത് അംബേദ്കറുടെ നേതൃത്വത്തിലായിരുന്നു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. വിവിധ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്ന് വേണ്ടത് ഉള്‍പ്പെടുത്തിക്കൊണ്ട്, ഭാരതത്തിന്റെ ബഹുസ്വരത നഷ്ടപ്പെടാതെ മഹത്തരമായ ഒരു ഭരണഘടന രൂപപ്പെടുത്താന്‍ അംബേദ്കറിനായി. ഇതിലൂടെ അദ്ദേഹത്തിന് ‘ആധുനിക മനു’ എന്നും പേരുവന്നു.

ആത്മകഥ കൊളംബിയ സര്‍വകലാശാലയില്‍ പാഠപുസ്തകം

വെറും 20 പേജ് മാത്രമുള്ള ആത്മകഥാ സമാനമായ ഒരു പുസ്തകം 1935-36 കാലത്ത് അംബേദ്കര്‍ തയ്യാറാക്കിയിരുന്നു. ‘വെയ്റ്റിംഗ് ഫോര്‍ എ വിസ’ എന്ന പേരിലുള്ള അനുഭവക്കുറിപ്പുകള്‍ കുട്ടിക്കാലം മുതല്‍ അദ്ദേഹം നേരിട്ട കടുത്ത ജാതി വിവേചനത്തിന്റേയും പീഡനങ്ങളുടേയും അപമാനങ്ങളുടേയും വിവരണമായിരുന്നു. അംബേദ്കര്‍ പഠിച്ച കൊളംബിയ സര്‍വകലാശാല ഇത് പാഠ പുസ്തകമാക്കി.

ജാതിയ്ക്കും മതത്തിനുമെതിരെ

ജാതിമത രഹിതമായ ഇന്ത്യയ്ക്കു വേണ്ടിയായിരുന്നു അംബേദ്കറുടെ പ്രധാന പോരാട്ടം. ജാതിവ്യവസ്ഥയുടെ തകര്‍ച്ചകൂടാതെ ദളിതരുടെ ഉന്നമനം സാധ്യമാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ”ഞാന്‍ ഹിന്ദുവായാണ് ജനിച്ചത്. പക്ഷേ, ഹിന്ദുവായി മരിക്കില്ല”. ഒരിക്കല്‍ അംബേദ്കര്‍ പ്രഖ്യാപിച്ചു. ദളിതരുടെ ഉന്നമനത്തിനായി അദ്ദേഹം 1924-ല്‍ ബഹിഷ്‌കൃത് ഹിതകാരിണി സഭയും 1942-ല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ഫെഡറേഷനും രൂപീകരിച്ചു.

സ്്ത്രീകളുടെ അവകാശത്തിനായി

സ്വത്തില്‍ തുല്യ അവകാശം, വിവാഹമോചനത്തിന് അനുമതി, വിധവകളും വിവാഹമോചിതരുമായ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കല്‍, മിശ്രവിവാഹങ്ങള്‍ക്കും ഏത് ജാതിയിലോ സമുദായത്തിലോ പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുമുള്ള അവകാശങ്ങള്‍ തുടങ്ങിയവയെല്ലാം അംബേദ്കര്‍ മുന്നോട്ട് വച്ചു. സ്ത്രീകളുടെ പുരോഗതി എത്രത്തോളമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ പുരോഗതി വിലയിരുത്തേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീ അവകാശ ബില്‍ പാസാക്കാന്‍ നെഹ്റു മന്ത്രിസഭ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം പോലും രാജിവച്ചിട്ടുണ്ട്.

മരണം

1956ഡിസംബര്‍ ആറിന് അദ്ദേഹം അന്തരിച്ചു. സ്വപ്രയത്നത്തിലൂടെ വിദ്യാഭ്യാസവും ഉന്നത സ്ഥാനമാനങ്ങളും നേടിയ മറ്റൊരു ഇന്ത്യന്‍ നേതാവില്ല. പ്രത്യേകിച്ച് ദളിത് സമുദായത്തില്‍. മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു എങ്കിലും അംബേദ്കര്‍ ജനങ്ങളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു. കാരണം ഇന്ത്യയില്‍ ഏറ്റവും വിപ്ളവകരമായമാറ്റം വരാന്‍ കാരണക്കാരന്‍ അദ്ദേഹമായിരുന്നു.

 

Latest News