Monday, November 25, 2024

കുവൈറ്റില്‍ ഫാമിലി വിസ സംവിധാനം കൊണ്ടുവരാന്‍ തീരുമാനം

കുടുംബ – ആശ്രിതവിസ സംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനം കുവൈറ്റ് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. അടുത്ത വർഷം മുതല്‍ തീരുമാനം നടപ്പാക്കാനാണ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാൻ മന്ത്രാലയം ഒരു സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായാണ് സൂചന.

കുവൈറ്റ് ഒഴിച്ചുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസ സംവിധാനം നിലവിലുണ്ട്. ഇതേ രീതി പിന്തുടരാനാണ് കുവൈറ്റിന്‍ന്റെ പുതിയ തീരുമാനം. ഡോക്ടർമാർ, യൂണിവേഴ്സിറ്റി, പ്രഫസർമാർ, കൗൺസിലർമാർ എന്നിവർക്കായിരിക്കും പുതിയ വിസാസൗകര്യം ലഭ്യമാക്കുക എന്നതാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് പ്രത്യേക വ്യവസ്ഥകളിൽ ഫാമിലി വിസ ലഭിക്കാൻ അനുവദിക്കുന്ന നയം ആഗസ്റ്റിൽ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നു. പ്രവാസി മെഡിക്കൽ സ്റ്റാഫിന്റെ അടുത്ത കുടുംബാംഗങ്ങളെ കുവൈറ്റിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ അഭ്യർഥന ഷെയ്ഖ് തലാൽ അംഗീകരിച്ചിരുന്നു. മെഡിക്കൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനും സുപ്രധാന വൈദഗ്ധ്യം നിലനിർത്തുന്നതിനുമുള്ള നടപടിയായാണ് പുതിയ തീരുമാനത്തെ കുവൈറ്റ് കാണുന്നത്. പ്രത്യേകിച്ച് മെഡിക്കൽ സ്റ്റാഫ്, കൺസൾട്ടന്റുമാർ, അപൂർവ സ്പെഷ്യലൈസേഷനുകൾ ഉള്ളവരെ നിലനിർത്തുന്നതിനാണ് ഈ നീക്കം.

Latest News