Sunday, November 24, 2024

‘വെടിനിർത്തൽ പ്രഖ്യാപനം ഹമാസിന് കീഴടങ്ങുന്നതിനുതുല്യം’: ബെഞ്ചമിൻ നെതന്യാഹു

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വെടിനിർത്തൽ ആഹ്വാനം തള്ളി ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകില്ലെന്നും അത് ഹമാസിന് കീഴടങ്ങുന്നതിനു തുല്യമാകുമെന്നും നെതന്യാഹു പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിനാണ് ഇസ്രായേൽ സേന മറുപടി നൽകുന്നത്. ഇസ്രായേലിലെ കണക്കുകൾപ്രകാരം, ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനുപിന്നാലെ 1,400 പേർ മരണപ്പെടുകയും 230 -ലധികം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ, ഇസ്രായേൽ ഹമാസിനും തീവ്രവാദത്തിനും കീഴടങ്ങാനുമുള്ള ആഹ്വാനങ്ങളാണ്; അത് നടക്കില്ല, ഈ യുദ്ധം ജയിക്കുന്നതുവരെ പോരാടും” – നെതന്യാഹു പറ‍ഞ്ഞു. ബന്ധികളാക്കിയവരെ ഉടൻ മോചിപ്പിക്കാന്‍ അന്താരാഷ്ട്രസമൂഹം ഹമാസിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തു നടത്തിയ ഓപ്പറേഷനിലൂടെ ഒരു വനിതാസൈനികയെ മോചിപ്പിച്ചതായി ഇസ്രായേൽസൈന്യം അറിയിച്ചു. കെട്ടിടങ്ങളിലും തുരങ്കങ്ങളിലും ഒളിച്ചിരുന്ന നിരവധി തീവ്രവാദികളെ വധിച്ചതായും സൈന്യം വ്യക്തമാക്കി. അതിനിടെ, ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ച് ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ) രംഗത്തെത്തി. പല ആശുപത്രികളെയും യുദ്ധം ബാധിച്ചതായും യുദ്ധമേഖലകളിൽനിന്ന് രോഗികളെ സുരക്ഷിതരായി മാറ്റാൻ കഴിയില്ലെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

Latest News