Monday, November 25, 2024

‘ജനാധിപത്യ പാരമ്പര്യങ്ങളെ ബഹുമാനിക്കണം’; ബ്രസീലിലെ കലാപങ്ങളില്‍ ഉത്കണ്ഠയറിയിച്ച് നരേന്ദ്രമോദി

ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംഘര്‍ഷത്തില്‍ ഉത്കണ്ഠയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ പാരമ്പര്യങ്ങള്‍ എല്ലാവരും ബഹുമാനിക്കണം. ബ്രസീലിയന്‍ അധികാരികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തീവ്ര വലതുപക്ഷക്കാരനായ മുന്‍ പ്രസിഡന്റ് ബോള്‍സനാരോയെ അനുകൂലിക്കുന്നവര്‍ പ്രസിഡന്റിന്റെ കൊട്ടാരവും പാര്‍ലമെന്റും സുപ്രീംകോടതിയും ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ ടാഗ് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലാത്ത ഫാസിസ്റ്റ് ആക്രമണമാണ് നടന്നതെന്നും കലാപകാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ലുല ഡ സില്‍വ പറഞ്ഞു. കലാപകാരികളെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ നിയോഗിച്ചു. നിരവധിപേരെ സൈന്യവും പോലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest News