സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സിഎജി റിപ്പോര്‍ട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് ആരോപണം. 71000 കോടിയുടെ റവന്യു കുടിശികയാണ് ധനവകുപ്പ് പിരിച്ചെടുക്കാന്‍ വിമുഖത കാണിക്കുന്നതെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
12 വകുപ്പുകളിലായുള്ള കുടിശ്ശിക അഞ്ചു വര്‍ഷമായി ധനവകുപ്പ് പിരിച്ചെടുത്തിരുന്നില്ല. രേഖകള്‍ കൃത്യമായി പരിശോധിക്കാതിരുന്നതിനെ തുടര്‍ന്ന് പലിശ ഇനത്തിൽ 7.54 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാൽ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് വഴി 9.72 കോടി നഷ്ടമായെന്നും കണ്ടെത്തലുണ്ട്.
ഇതിന് പുറമെ വിദേശ മദ്യ ലൈസൻസുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. നിയമങ്ങൾ ദുരുപയോഗം ചെയ്ത് ലൈസൻസ് നൽകിയെന്നും മാനദണ്ഡങ്ങൾ പാലിക്കാതെ ഫ്ലാറ്റുകളുടെ മൂല്യനിർണയം നടത്തിയെന്നും സിഎജി കണ്ടെത്തലിൽ പറഞ്ഞു. കൂടാതെ സ്റ്റാമ്പ് തീരുവയിലും, രജിസ്ട്രേഷൻ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.