ആഷസ് കിരീടം തിരിച്ചു പിടിക്കാമെന്ന ബെന്‍ സ്‌റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പടയുടെ പ്രതീക്ഷകള്‍ തകര്‍ന്നു. ഒരു മത്സരം ബാക്കിനില്‍ക്കെയാണ് നിലവിലെ ആഷസ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ കിരീടം ഉറപ്പിച്ചത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റ് മഴയെത്തുടര്‍ന്ന് സമനിലയില്‍ അവസാനിച്ചതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
കിരീടം തിരിച്ചുപിടിക്കാന്‍ നാലാം ടെസ്റ്റ് മത്സരം ഇംഗ്ലണ്ടിന് ജീവന്‍ മരണ പോരാട്ടമായിരുന്നു. അതിനാല്‍ മത്സരത്തിലുടനീളം ഇംഗ്ലണ്ട് മേല്‍കൈ നേടുകയും ചെയ്തു. എന്നാല്‍ നാലാം ദിനമായ ഇന്നലെ ഭൂരിഭാഗം സമയവും അഞ്ചാം ദിനമായ ഇന്നു പൂര്‍ണമായും മഴ കളി മുടക്കിയതോടെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ സമനില നേടിയെടുക്കുകയായിരുന്നു. മത്സരത്തില്‍ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 317 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പട 592 റണ്‍സ് സ്വന്തമാക്കി മേല്‍ക്കൈ നേടി. ഇംഗ്ലണ്ട് 275 റണ്‍സിന്റെ ലീഡാണ് ഉയര്‍ത്തിയത്. പിന്നീട് ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബൗളിങ്ങിലൂടെ എതിരാളികളെ വട്ടംകറക്കി മത്സരത്തില്‍ മേല്‍കൈ നേടിയപ്പോഴാണ് മഴ കളിമുടക്കിയത്.
മഴകളിച്ച നാലാം ദിനം, നാലാം വിക്കറ്റില്‍ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌ന്‍, മിച്ചല്‍ മാര്‍ഷു എന്നിവരുടെ കൂട്ടുകെട്ടില്‍ ഓസീസ് പൊരുതി നിന്നു. അഞ്ചിന് 214 എന്ന നിലയില്‍ ഇംഗ്ലീഷ് ലീഡിന് 61 റണ്‍സ് പിറകില്‍ നില്‍ക്കെ മഴയെത്തുടര്‍ന്ന് മത്സരം നിര്‍ത്തി. തുടര്‍ന്ന് മഴകാരണം ഒരു പന്തു പോലും എറിയാനാകാതെ മത്സരം സമനിലയില്‍ പിരിഞ്ഞു. അഞ്ചു മത്സര പരമ്പരയില്‍ നിലവില്‍ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓസ്‌ട്രേലിയ 2-1 എന്ന നിലയില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഓവലില്‍ 27-ന് ആരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ പോലും പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലാകുകയേ ഉള്ളു. അതോടെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് തന്നെ കിരീടം കൈവശം വയ്ക്കാമെന്നതിനാല്‍ ഇത്തവണയും ആഷസ് ഇംഗ്ലണ്ടിന് സ്വപ്‌നമായി തുടരും. ഓസീസിന്റെ തുടര്‍ച്ചയായ നാലാം ആഷസ് കിരീട ജയമാണിത്.