സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനികനിയമനപദ്ധതിയായ ‘അഗ്നിപഥി’നുനേരെ രാജ്യവ്യാപകമായി നടക്കന്ന പ്രക്ഷോഭം തണുപ്പിക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രം.
നാലു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന അഗ്നിവീരന്മാര്‍ക്ക് പ്രതിരോധ മന്ത്രാലയ ജോലികളിലും പത്ത് ശതമാനം സംവരണം നല്‍കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ കേന്ദ്ര സായുധസേനയിലും അസം റൈഫിള്‍സിലും പത്ത് ശതമാനം സംവരണം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്ത് പൊട്ടിപുറപ്പെട്ട പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ പ്രതിഷേധം തണുപ്പിക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുന്നത്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലും പ്രതിരോധ സിവിലിയന്‍ തസ്തികകളിലും 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും 10% സംവരണം നടപ്പാക്കുമെന്നാണ് രാജ്നാഥ് സിങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സംവരണം വിമുക്തഭടന്മാര്‍ക്കുള്ള നിലവിലുള്ള സംവരണത്തിന് പുറമേ ആയിരിക്കും. സംവരണം നടപ്പാക്കുന്നതിന് റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ ആവശ്യപ്പെടുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.