Sunday, November 24, 2024

മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

റഷ്യ യുക്രൈയ്നില്‍നിന്ന് കൂട്ടിച്ചേര്‍ത്ത തുറമുഖ നഗരമായ മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. യുദ്ധക്കുറ്റംചുമത്തി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണിത്.

മരിയുപോള്‍ പിടിച്ചെടുത്തശേഷമുള്ള പുടിന്റെ ആദ്യ സന്ദര്‍ശനമാണിത്. ശനിയാഴ്ച തുറമുഖ നഗരമായ സെവസ്റ്റാപോളും ക്രിമിയയും പുടിന്‍ സന്ദര്‍ശിച്ചിരുന്നു. മരിയുപോളില്‍ ഹെലികോപ്ടറില്‍ എത്തിയ പുടിന്‍ നഗരത്തിലൂടെ കാറോടിച്ച് പോകുന്ന ദൃശ്യം റഷ്യന്‍ മാധ്യമങ്ങള്‍ പങ്കുവച്ചു. റഷ്യന്‍ ഉപപ്രധാനമന്ത്രിയും പുടിന് ഒപ്പമുണ്ടായിരുന്നു.

2022 ഏപ്രിലില്‍ ശക്തമായ ഏറ്റുമുട്ടലിലാണ് റഷ്യ യുക്രൈയ്നില്‍നിന്ന് മരിയുപോള്‍ പിടിച്ചെടുത്തത്. മരിയുപോളില്‍ ജനജീവിതം സാധാരണനിലയിലേക്ക് എത്തിയെന്നും ജനങ്ങള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഉപപ്രധാനമന്ത്രി മരാത് ഖസ്നള്ളിന്‍ പറഞ്ഞു. മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളും പുടിന്‍ വിലയിരുത്തി.

ഇതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തിങ്കളാഴ്ച മോസ്‌കോയില്‍ എത്തും. പുടിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ബുധനാഴ്ചവരെ ഷി റഷ്യയിലുണ്ടാകും. യുക്രൈയ്നുമായുള്ള യുദ്ധം തുടങ്ങിയശേഷമുള്ള ഷിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.

Latest News