Sunday, November 24, 2024

ചൈനീസ് കപ്പലില്‍നിന്നും ക്രെയിനുകള്‍ ഇറക്കാന്‍ വൈകുന്നു: തുറമുഖ കമ്പനിക്ക് ഉണ്ടാകുന്നത് വൻ സാമ്പത്തിക ബാധ്യത

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ കപ്പലില്‍നിന്നും ക്രെയിനുകള്‍ ഇറക്കാന്‍ വൈകുന്നു. കപ്പല്‍ മടങ്ങേണ്ട കാലാവധി നാളെഅവസാനിക്കനിരിക്കെയാണ് ക്രെയിനുകള്‍ ഇറക്കാനുള്ള നടപടികള്‍ വൈകുന്നത്. ഇതോടെ തുറമുഖ കമ്പനിക്ക് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിവരം.

ഗുജറാത്തിലെ മുന്ദ്രയിലും വിഴിഞ്ഞത്തും ക്രെയിനുകൾ ഇറക്കി ഒക്ടോബർ 21ന് ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു ചൈനീസ് കമ്പനിയുമായുള്ള കരാർ. എന്നാല്‍ ചൈനീസ് കപ്പലെത്തി അഞ്ച് ദിവസം പിന്നിടുമ്പോഴും ക്രെയിനുകളിറക്കാന്‍ സാധിച്ചിട്ടില്ല. ബെർത്തിന് സമീപം അര മീറ്ററോളം ഉയരത്തിൽ തിരയടിക്കുന്നതും ശക്തമായ കാറ്റുമാണ് തടസ്സം. ക്രെയിൻ ഇറക്കാൻ സാങ്കേതിക സഹായം നൽകേണ്ട ചൈനീസ് വിദഗ്ധരുടെ എമിഗ്രേഷൻ പ്രശ്നം പരിഹരിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായി തുടർന്നാൽ ക്രെയിൻ ഇറക്കുന്നത് ഇനിയും വൈകും.

അതേസമയം, ഒക്ടോബർ 21ന് ശേഷം ഓരോ ദിവസം വൈകുംതോറും മൂപ്പത് ലക്ഷത്തോളം രൂപ ചൈനീസ് കപ്പൽ കമ്പനിക്ക് പിഴ നൽകേണ്ടി വരും. ക്രെയിൻ കരയിലിറക്കാൻ അഞ്ച് ദിവസം വേണമെന്നിരിക്കെ ഇന്ന് പ്രവർത്തനം തുടങ്ങിയാലും സമയക്രമം പാലിക്കാനാകില്ല.എന്നാല്‍, വിഴിഞ്ഞത്ത് കണ്ടയ്നർ കപ്പൽ വന്നാലും ചരക്കിറക്കാനാകാതെ ബുദ്ധിമുട്ടുമെന്ന വാദങ്ങൾ അദാനി ഗ്രൂപ്പ് തള്ളി. കൂറ്റൻ ക്രെയിനുകളിൽ ബന്ധിക്കുന്നതിനാൽ കപ്പൽ ചലിച്ചാലും കണ്ടയ്നറുകൾ ഇറക്കാനാകുമെന്ന് നിർമാണ കമ്പനി അറിയിച്ചു.

Latest News