കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 27-മത് രാജ്യന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ ചെയ്യുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവനാണ് പങ്കുവച്ചത്.
ഡെലിഗേറ്റ് ഫീസ് ഇനത്തിൽ മേളയിൽ പങ്കെടുക്കുന്ന പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേനയും നേരിട്ടും രജിസ്ട്രേഷൻ നടത്താം.
ഡിസംബർ എട്ട് മുതൽ 16 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മൽസര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ എന്നിവയാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.