കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന്. ദില്ലി – ഹരിയാന – ഉത്തര്‍ പ്രദേശ് അതിര്‍ത്തികളില്‍ കര്‍ഷകര്‍ എത്തിക്കഴിഞ്ഞു. പ്രതിഷേധം ദില്ലിയിലേക്ക് കടക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
രാത്രിയും പുലര്‍ച്ചെയുമായി നൂറ് കണക്കിന് ട്രാക്ടറുകളാണ് ദില്ലി ചലോ മാര്‍ച്ചിനായി പുറപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ സമ്മര്‍ദം കേന്ദ്ര സര്‍ക്കാരിന് മേല്‍ ചുമത്തുകയാണ് കര്‍ഷകരുടെ ലക്ഷ്യം. താങ്ങുവില, വിള ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് എതിരായ എഫ്ഐആര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷക സംഘനകള്‍ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.
കര്‍ഷകരെ തടയാന്‍ അതിര്‍ത്തികളില്‍ എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ദില്ലി, യുപി, ഹരിയാന അതിര്‍ത്തികളില്‍ ട്രാക്ടറുകള്‍ തടയാനാണ് നീക്കം. ട്രാക്ടറുകള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് ബീമുകള്‍, മുള്ള് വേലികള്‍ എല്ലാം അതിര്‍ത്തികളില്‍ സ്ഥാപിച്ചു. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റെര്‍നെറ്റ് റദ്ദാക്കി. ദ്രുത കര്‍മ്മ സേനയെ വിന്യസിച്ചു. ഹരിയാന, യുപി അതിര്‍ത്തികളിലും ഡല്‍ഹിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ട്രോണുകളുടെ ഉള്‍പ്പടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കി.