വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതോടെ 50% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശം നൽകി ഡൽഹി സർക്കാർ. 50% ജീവനക്കാരും വീട്ടിലിരുന്ന് ജോലിചെയ്യുമെന്നും ഇത് നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഡൽഹി പരിസ്ഥിതിമന്ത്രി ഗോപാൽ റായ് ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ വായു ഗുണനിലവാര സൂചിക ബുധനാഴ്ച രാവിലെ 422 ആയി ഉയരുകയും ഗുരുതര വിഭാഗത്തിലെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഡൽഹി സർക്കാരിന്റെയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും (എം. സി. ഡി.) കീഴിലുള്ള എല്ലാ ഓഫീസുകളും പുതുക്കിയ പ്രവർത്തനസമയത്തിനുകീഴിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. മുൻസിപ്പൽ കോർപ്പറേഷൻ ഓഫീസുകൾ രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 വരെയും ഡൽഹി സർക്കാർ ഓഫീസുകൾ രാവിലെ 10:00 മുതൽ വൈകുന്നേരം 6:30 വരെയും പ്രവർത്തിക്കും. ഈ ഉത്തരവ് 2025 ഫെബ്രുവരി 28 വരെ പ്രാബല്യത്തിലുണ്ടാകും.
വായുമലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് ഡൽഹിയിൽ ഗതാഗതത്തിനു നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പല പൊതുപദ്ധതികളുടെയും നിർമാണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സി. എൻ. ജി., ബി. എസ്. -VI ഡീസൽ അല്ലെങ്കിൽ വൈദ്യുതി എന്നിവയല്ലാത്ത ഡൽഹിക്കു പുറത്തുനിന്നുള്ള വാണിജ്യവാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.