Tuesday, November 26, 2024

നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ് പാസുമായി ഡല്‍ഹി സര്‍ക്കാര്‍

ബസ് മാര്‍ഗം യാത്രചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ പാസുമായി ഡല്‍ഹി സര്‍ക്കാര്‍. നിര്‍മാണ തൊഴിലാളികള്‍ക്ക് സൗജന്യ പാസ് നല്‍കാന്‍ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ തൊഴിലാളികള്‍ക്ക് പാസ് നല്‍കിക്കൊണ്ടായിരുന്നു പ്രഖ്യാപനം.

എല്ലാ തൊഴിലാളികളും പ്രതിമാസം ആയിരം മുതല്‍ മൂവായിരം രൂപ വരെയാണ് യാത്രക്കായി ചെലവഴിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തൊഴിലാളികളുടെ യാത്രാ ചാര്‍ജ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പത്ത് ലക്ഷം തൊഴിലാളികള്‍ ഇതിന്റെ ഗുണഭോക്താക്കളാമെന്ന് മന്ത്രി പറഞ്ഞു.

സൗജന്യ പാസിനായി 10 ലക്ഷം തൊഴിലാളികള്‍ അപേക്ഷിച്ചിട്ടുണ്ടെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി. വിവിധ ക്ഷേമ പദ്ധതികള്‍ വഴിയായി 600 കോടി രൂപ കേജരിവാള്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് രാജ്യത്ത് വിതരണം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗജന്യ ബസ് പാസ് അനുവദിച്ചതിനാല്‍ മിച്ചം വരുന്ന പണം കുടുംബാംഗങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ മന്ത്രി തൊഴിലാളികളോട് പറഞ്ഞു. നിര്‍മാണ തൊഴിലാളികള്‍, പെയിന്റര്‍മാര്‍, മരപ്പണിക്കാര്‍, ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ അടക്കമുള്ളവരാണ് സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

 

Latest News