അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കവും അടിപിടിയും കോടതിയിലെത്തിയപ്പോള്‍ വിചിത്ര വിധി പ്രഖ്യാപിച്ച് ഡല്‍ഹി ഹൈക്കോടതി. പ്രതിക്കും പരാതിക്കാരനും ഒറ്റവിധിയാണ് കോടതി പ്രഖ്യാപിച്ചത്. ഇരുകൂട്ടരും 45 ദിവസത്തേക്ക് യമുന നദി വൃത്തിയാക്കണമെന്നതാണ് വിധി. ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗാണ് വിധി പ്രഖ്യാപിച്ചത്.
വിധി നടപ്പിലാക്കുന്നതിനായി ഡല്‍ഹി ജല്‍ ബോര്‍ഡ് ടീം അംഗം (ഡ്രെയിനേജ്) അജയ് ഗുപ്തയെ കാണണമെന്ന് പ്രതിയോടും പരാതിക്കാരനോടും ഹൈക്കോടതി ജസ്റ്റിസ് ജസ്മീത് സിംഗ് ആവശ്യപ്പെട്ടു. ഗുപ്തയുടെ ഉപദേശത്തിനും മേല്‍നോട്ടത്തിനും കീഴില്‍ ഇരുകൂട്ടരും 45 ദിവസം യമുന നദി വൃത്തിയാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായ ശേഷം പ്രതികള്‍ക്കും പരാതിക്കാര്‍ക്കും ജല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഹൈക്കോടതി അറിയിച്ചു.
ഈ വ്യവസ്ഥ പാലിക്കുമെന്ന ഇരുകൂട്ടരുടെയും ഉറപ്പിനെ തുടര്‍ന്ന് ആക്രമണം, വഴക്ക്, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2022 ഫെബ്രുവരിയില്‍ ജയ്ത്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.