Tuesday, November 26, 2024

ഇസ്രായേൽ എംബസിക്ക് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേൽ- പാലസ്തീൻ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേൽ എംബസിക്ക് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്. ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്കും ഇസ്രായേൽ അംബാസഡറുടെ ഔദ്യോഗിക വസതിക്കുമാണ് സുരക്ഷ ശക്തമാക്കിയത്. ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിൽ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഡൽഹി പോലീസിന്റെ നീക്കം.

മിക്കപ്പോഴും തീവ്രവാദികളുടെ ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യയിലെ ഇസ്രായേൽ എംബസി. 2021-ൽ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നിരുന്നു. അന്ന് ഒരു ഇംപ്രൂവ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്(ഐഇഡി) പൊട്ടിത്തെറിച്ചെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ ഹമാസിനെതിരായ പ്രത്യാക്രമണം ഇസ്രായേൽ ശക്തമാക്കിയതോടെയാണ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോണിന്റെ ഔദ്യോഗിക വസതിക്കും എംബസിക്കു പുറത്തും കൂടുതൽ പൊലീസ് വാഹനങ്ങളെ വിന്യസിച്ചത്. കൂടാതെ, ഡൽഹിയിലെ പഹർഗഞ്ചിലെ ജൂതന്മാരുടെ ആരാധനാലയമായ ചബാദ് ഹൗസിന് സമീപവും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ഹമാസിന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെെത്തി. യുദ്ധം ആരംഭിച്ചത് ഇസ്രായേൽ അല്ലെന്നും എന്നാൽ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.

Latest News