Monday, November 25, 2024

അസം പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം: വിജ്ഞാപനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തിനിർണ്ണയത്തിന് അസമില്‍ അനുമതി. ഇത് സംബന്ധിച്ച വിജ്ഞാപനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. അസമിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഇതെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ പറഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസമിലെ അതിർത്തിനിർണ്ണയത്തിന്റെ അന്തിമ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കണമെന്നു ചൂണ്ടിക്കാട്ടിയുള്ള 2023 ജൂലൈയിലെ കരടുനിർദേശത്തിന്മേൽ, ഗുവാഹത്തിയിൽ മൂന്നുദിവസത്തെ പബ്ലിക് ഹിയറിംഗും വിപുലമായ കൂടിയാലോചനയ്ക്കുംശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമവിജ്ഞാപനം തയാറാക്കിയത്. ഇത് രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.

ഡീലിമിറ്റേഷൻപ്രകാരം മൂന്ന് അസംബ്ലി മണ്ഡലങ്ങൾ കൂടി പട്ടികവർഗക്കാർക്കും (എസ്‌.ടി) ഒരു മണ്ഡലം പട്ടികജാതിക്കാർക്കും (എസ്‌.സി) സംവരണം ചെയ്തിട്ടുണ്ട്. അന്തിമ ഉത്തരവിൽ, കുറഞ്ഞത് 19 നിയമസഭാമണ്ഡലങ്ങളുടെ നാമകരണവും കമ്മീഷൻ പരിഷ്കരിച്ചു. ഇ.സി.ഐ ആകെ അസംബ്ലി സീറ്റുകളുടെ എണ്ണം 126-ഉം ലോക്‌സഭാ സീറ്റുകൾ 14-ഉം നിലനിർത്തി.

അതേസമയം, സംസ്ഥാനത്തെ പ്രതിപക്ഷ സീറ്റുകൾ ലക്ഷ്യമിട്ടാണ് അതിർത്തിനിർണ്ണയമെന്ന് കോൺഗ്രസ്സ്  ആരോപിച്ചു. “നിങ്ങൾ അസമിന്റെ അതിർത്തിനിർണ്ണയം നോക്കുകയാണെങ്കിൽ, അത് പ്രതിപക്ഷസീറ്റുകളെയാണ് ലക്ഷ്യമിടുന്നത്. കാലിയബോർ, നാഗോൺ, ബാർപേട്ട എന്നിവിടങ്ങളിൽ കോൺഗ്രസ്സ് പിടിച്ചടക്കിയ ലോക്‌സഭാ സീറ്റുകളാണ് ബി.ജെ.പിയുടെ ലക്ഷ്യം” – കോൺഗ്രസ്സ് നേതാവും എം.പിയുമായ ഗൗരവ് ഗൊഗോയ് പറഞ്ഞു.

Latest News