കേരളത്തിലെ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് തുടരുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും സമാന പോര് രൂക്ഷമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാര്‍ രാഷ്ടപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ നിര്‍വഹണത്തിനു തടസ്സം നില്‍ക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എം പിമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്. സര്‍ക്കാര്‍ നല്‍കിയ 20 ഒാളം ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കാതെ ഇരിക്കുകയാണെന്നാണ് എംപിമാരുടെ ആരോപണം. ഇത് സര്‍ക്കാരിന്‍റെ സുതാര്യമായ ഭരണ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്നുമാണ് ആക്ഷേപം.
ഭരണ സംബന്ധമായ പല നിലപാടുകളിലും ഗവര്‍ണറും ഡിഎംകെ സര്‍ക്കാരും തമ്മില്‍ ഭിന്നത പ്രകടമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
അതേസമയം, കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നു കേരളാ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചു.