Monday, April 21, 2025

108 ആംബുലൻസ് സർവീസിന് മൊബൈൽ ആപ്പ് അവതരിപ്പിച്ച് ആരോഗ്യവകുപ്പ്

‘കനിവ് 108 ആംബുലന്‍സു’കളുടെ സേവനം മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ഇതുസംബന്ധിച്ച വിവരം ആരോഗ്യമന്ത്രി വീണ് ജോര്‍ജാണ് പങ്കുവച്ചത്. പൊതുജനങ്ങള്‍ക്ക്, ആംബുലന്‍സ് സേവനം കാലതാമസം വരുത്താതെ എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

പുതിയ സംവിധാനം വരുന്നതോടെ, 108 എന്ന നമ്പറിൽ ബന്ധപ്പെടാതെതന്നെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷൻവഴി പൊതുജനങ്ങള്‍ക്ക് ആംബുലൻസ് സേവനം ലഭ്യമാകും. ഇതോടെ സേവനം തേടുന്ന വ്യക്തിയുടെ മൊബൈൽ ഫോണിലെ ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലം ആംബുലൻസിലേക്ക് കൈമാറാൻ സാധിക്കും. ഈ മാസം തന്നെ മൊബൈൽ ആപ്ലിക്കേഷന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നാണ് വിവരം.

സംസ്ഥാനത്ത് കനിവ് 108 ആംബുലൻസ് പദ്ധതി ആരംഭിച്ച് നാലുവർഷം പിന്നിടുമ്പോൾ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതിൽ 3,45,867 ട്രിപ്പുകൾ കോവിഡ് അനുബന്ധവും, 198 ട്രിപ്പുകൾ നിപ അനുബന്ധവുമായിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ നടന്നത്. നിലവിൽ 316 ആംബുലൻസുകളും 1300 ജീവനക്കാരുമാണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ സേവനമനുഷ്ഠിക്കുന്നത്.

Latest News