Monday, November 25, 2024

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിന്റെ ക്യാമ്പയിന്‍

സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്‍ പുരോഗമിക്കുന്നു. സംസ്ഥാനവ്യാപകമായി 50 ലക്ഷത്തിലധികം പേർക്ക് വീട്ടിലെത്തിയാണ് ജീവിതശൈലീ രോഗനിര്‍ണ്ണയ സ്‌ക്രീനിംഗ് നടത്തുന്നത്.

ഇ-ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിംഗ്. ലഭ്യമായ വിവരങ്ങള്‍ തത്സമയം ആരോഗ്യവകുപ്പിന് അറിയാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗനിര്‍ണ്ണയവും ചികിത്സയും ലഭ്യമാക്കാനും ഇതുവഴി സഹായിക്കുന്നു. 30 വയസിനു മുകളിലുള്ളവരെയാണ് ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുന്നത്.

“ഇതിനോടകം 50,01,896 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 18.89 % പേര്‍ (9,45,063) ഏതെങ്കിലുമൊരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയരാക്കിയിരിക്കുകയാണ്. 10.76 % പേര്‍ക്ക് (5,38,491) രക്താതിമര്‍ദ്ദവും, 8.72 % പേര്‍ക്ക് (4,36,170) പ്രമേഹവും, 3.74 % പേര്‍ക്ക് (1,87,066) ഇവ രണ്ടും സംശയിക്കുന്നുണ്ട്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗനിര്‍ണ്ണയവും ചികിത്സയും ലഭ്യമാക്കിവരുന്നു” – ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. അതേസമയം ക്യാമ്പയിന്റെ ഭാഗമായി രോഗനിര്‍ണ്ണയത്തിനും ചികിത്സക്കുമായി കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്‍സര്‍ കെയര്‍ സ്‌ക്രീനിംഗ് ഡാഷ്‌ബോര്‍ഡ് പോര്‍ട്ടല്‍ അടുത്തിടെ സജ്ജമാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നതു വഴി രോഗം സങ്കീര്‍ണ്ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ ക്യാമ്പയിന്‍ വഴി സാധിക്കുന്നതായാണ് വിദഗ്ദര്‍ അവകാശപ്പെടുന്നത്. ഈ ക്യാമ്പയിന്‍ വഴി 6.44 % പേര്‍ക്ക് (3,22,155) കാന്‍സര്‍ സംശയിച്ച് റഫര്‍ ചെയ്തിട്ടുണ്ട്. 0.32 % പേര്‍ക്ക് വദനാര്‍ബുദവും, 5.42 % പേര്‍ക്ക് സ്തനാര്‍ബുദവും, 0.84 % പേര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ സംശയിച്ചും റഫര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Latest News