Sunday, November 24, 2024

സഞ്ചരിക്കുന്ന എ.ഐ ക്യാമറയുമായി മോട്ടോര്‍ വാഹനവകുപ്പ്

റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍, സഞ്ചരിക്കുന്ന എ.ഐ ക്യാമറയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി മൈക്രോ സ്പീഡ് വൈലേഷൻ ഡിറ്റക്ഷൻ ക്യാമറകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റോഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മറ്റു റോഡുകളിലേക്കും വരുംദിവസങ്ങളിൽ, സഞ്ചരിക്കുന്ന ക്യാമറകള്‍ വ്യാപിപ്പിക്കാനാണ് ബന്ധപ്പെട്ട വകുപ്പിന്റെ തീരുമാനം.

എ.ഐ ക്യാമറ സ്ഥാപിച്ച നിരത്തുകളിൽമാത്രം റോഡ് നിയമങ്ങൾ പാലിക്കുന്നവരെ പിടികൂടാനാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. എ.ഐ ക്യാമറ ഘടിപ്പിച്ച മോട്ടോർ വാഹന വകുപ്പിന്റെ വാഹനം ഒരിടത്ത് നിർത്തിയിട്ട് പരിശോധിക്കുന്നതാണ് ഈ സംവിധാനം. വേ​ഗപരിധി ലംഘിക്കുന്ന വാഹനങ്ങളെയാണ് എ.ഐ ക്യാമറ ആദ്യഘട്ടത്തിൽ പിടിക്കുക. വൈകാതെ മറ്റ് നിയമലംഘനങ്ങളും ക്യാമറ പകർത്തും.

സഞ്ചരിക്കുന്ന എ.ഐ ക്യാമറയ്ക്ക് ഡ്രൈവർ‌ മാത്രം മതിയെന്നതാണ് പ്രത്യേകത. മറ്റ് എ.ഐ ക്യാമറകളെപ്പോലെ തന്നെ, സഞ്ചരിക്കുന്ന ക്യാമറയും നിയമലംഘനം പകർത്തി തിരുവനന്തപുരം കൺട്രോൾ കേന്ദ്ര സർവറിലേക്കും അവിടെനിന്ന് കാക്കനാട് കൺട്രോൾ റൂമിലേക്കും നൽകും. കാക്കനാട് നിന്നാണ് നോട്ടീസ് അയക്കുക. പരീക്ഷണ പരിശോധനയിൽ ആദ്യദിനം ന​ഗരത്തിൽ 12 വാഹനങ്ങളാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്.

എറണാകുളം, തൃശൂർ ജില്ലകളിലേക്കാണ് സഞ്ചരിക്കുന്ന ഒരു എ.ഐ ക്യാമറ അനുവദിച്ചിട്ടുള്ളത്. 10 ദിവസം വീതം ഓരോ ജില്ലകളിൽ പരിശോധന നടത്താനാണ് നിലവിലെ തീരുമാനം. രണ്ടുമാസം മുൻപ് ജില്ലയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച എ.ഐ ക്യാമറ നിയമലം​ഘന പരിശോധന തുടരുകയാണ്. 26,378 കേസുകളാണ് ഈ ക്യാമറകൾ ഇതുവരെ പിടികൂടിയത്. ജില്ലയിൽ 63 എ.ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്

Latest News