Saturday, April 19, 2025

രണ്ടുവയസുകാരിയുടെ പുറത്ത് അഡ്രസും ഫോണ്‍ നമ്പറും എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് യുക്രൈന്‍കാരിയായ ഒരു അമ്മ വിശദമാക്കുന്നു

യുക്രെയ്നില്‍ നിന്ന് പലായനം ചെയ്യവേ രണ്ട് വയസ്സുള്ള തന്റെ മകളുടെ പുറത്ത് കോണ്‍ടാക്റ്റ് ഡീറ്റെയില്‍സ് എഴുതി, അത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു അമ്മ, സാഷ മക്കോവി, അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതയായ സാഹചര്യം വിവരിക്കുകയുണ്ടായി.

കീവില്‍ നിന്ന് പലായനം ചെയ്യുന്നതിനിടയില്‍ കുടുംബാംഗങ്ങള്‍ പരസ്പരം വേര്‍പിരിയുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍, രണ്ടു വയസുകാരിയായ തന്റെ മകള്‍, വൈരയെ തിരിച്ചറിയാനായാണ് അവളുടെ പേരും പ്രായവും ചില ഫോണ്‍ നമ്പറുകളും അവളുടെ പുറത്ത് എഴുതിയതെന്ന് സാഷ മക്കോവി പറഞ്ഞു.

”അത് യുദ്ധത്തിന്റെ ആദ്യ ദിവസമായിരുന്നു. പുറത്ത് ബോംബുകള്‍ വീണുകൊണ്ടിരിക്കുകയായിരുന്നു, സമീപപ്രദേശങ്ങളില്‍ പലതിലും റോക്കറ്റാക്രമണവും നടന്നിരുന്നു. അതുകൊണ്ട് കീവില്‍ നിന്ന് പലായനം ചെയ്യാന്‍ ഞങ്ങള്‍ ഒരുങ്ങി. പക്ഷേ ആ യാത്ര സുരക്ഷിതമാണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. യാത്രാമധ്യേ ഞങ്ങള്‍ മരിക്കുകയോ ഏതെങ്കിലും രീതിയില്‍ കുഞ്ഞിനെ നഷ്ടപ്പെടാനോ ഇടയായാല്‍ അവളെ കണ്ടെത്താനും അവള്‍ ആരാണെന്ന് മറ്റുള്ളവര്‍ക്ക് അറിയാനും വേണ്ടിയായിരുന്നു അത്. ഞങ്ങളെല്ലാം മരിച്ചുപോയിട്ട് അവള്‍ മാത്രം ജീവിച്ചിരുന്നാല്‍ അവള്‍ ആരാണെന്നോ ഏത് കുടുംബത്തില്‍ നിന്നാണെന്നോ ഭാവിയില്‍ കണ്ടെത്താന്‍ അവള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും കരുതി. ഭാഗ്യം കൊണ്ട് പലായനമധ്യേ ഞങ്ങള്‍ക്ക് മോശമായതൊന്നും സംഭവിച്ചില്ല’. മിസ് മക്കോവി വിശദീകരിച്ചു.

ഇവരുടെ കുടുംബം ഇപ്പോള്‍ ഫ്രാന്‍സിലാണ് അഭയം തേടിയിരിക്കുന്നത്. അവിടെ തങ്ങള്‍ക്ക് സ്‌നേഹവും കരുതലും അനുഭവപ്പെടുന്നതായി അവര്‍ പറഞ്ഞു.

കുഞ്ഞിന്റെ പുറത്തെ എഴുത്തിന്റെ ഫോട്ടോ മിസ് മക്കോവി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിനുശേഷം ചിത്രം വൈറലാവുകയായിരുന്നു. ‘ഞങ്ങളെല്ലാം മരിച്ചതിനുശേഷം കുഞ്ഞ് ജീവിച്ചിരുന്നാല്‍ ഭാവിയില്‍ അവള്‍ക്ക് സോഷ്യല്‍മീഡിയ വഴി അവളെക്കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞേക്കുമല്ലോ എന്ന് കരുതിയാണ് ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്’. മോള്‍ഡോവ, റൊമാനിയ, ബെല്‍ജിയം എന്നിവിടങ്ങളിലൂടെ നീണ്ട പലായനത്തിന് ശേഷം ഒടുവില്‍ ഫ്രാന്‍സിന്റെ സുരക്ഷിതത്വത്തില്‍ എത്തിയ മിസ് മക്കോവി പറഞ്ഞു.

‘വൈര ഇവിടെ സുഖമായിരിക്കുന്നു. ചുറ്റിലും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ അവള്‍ക്ക് കഴിയില്ലല്ലോ. അതില്‍ എനിക്ക് സന്തോഷമാണുള്ളത്. ഈ ദുരന്ത കാഴ്ചകളൊന്നും അവള്‍ക്ക് മനസിലാകുന്നില്ലല്ലോ’. മിസ് മക്കോവി പറയുന്നു.

Latest News