ശത്രുവിന്റെ കപ്പലിനെ കണ്ണിമവെട്ടുന്ന വേഗതയിൽ നശിപ്പിക്കാൻ കെൽപ്പുള്ള ഐഎൻഎസ് മോർമുഗാവോ നാവിക സേനയുടെ ഭാഗമാകുന്നതോട് കൂടി ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ ശക്തി വർദ്ധിക്കും. ഇന്ത്യൻ നാവികസേനയുടെ ‘വാർഷിപ്പ് ഡിസൈൻ ബ്യൂറോ’ രൂപകൽപ്പന ചെയ്ത ഡിസ്‌ട്രോയർ യുദ്ധക്കപ്പൽ ആണ് ഐഎൻഎസ് മോർമുഗാവോ.
ഇന്ത്യയിൽ നിർമ്മിച്ച യുദ്ധക്കപ്പലുകളിൽ ഒന്നായ ഐഎൻഎസ് മോർമുഗാവോയ്ക്ക് 163 മീറ്റർ നീളവും 17 മീറ്റർ വീതിയും 7,400 ടൺ ഭാരവുമുണ്ട്. നാല് ശക്തിയേറിയ ഗ്യാസ് ടർബൈനുകളാൽ സജ്ജീകരിച്ചിരിക്കുന്ന കപ്പലിന് 30 നോട്ടിക്കൽ മൈലിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുവാൻ സാധിക്കും. ബ്രഹ്‌മോസ്, ബരാക്-8 തുടങ്ങിയ മിസൈലുകളാണ് ഐഎൻഎസ് മോർമുഗാവോയിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഇസ്രായേലിന്റെ റഡാർ MF-STAR മോർമുഗാവോയിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ സംവിധാനത്തിലൂടെ വായുവിലെ ദീർഘദൂര ലക്ഷ്യങ്ങൾ കണ്ടെത്താൻ കപ്പലിന് കഴിയും.
127 എംഎം തോക്ക് ഘടിപ്പിച്ച ഐഎൻഎസ് മോർമുഗാവോയ്ക്ക് 300 കിലോമീറ്റർ ദൂരെയുള്ള ശത്രു കപ്പലുകളെയും ലക്ഷ്യങ്ങളെയും തകർക്കുവാൻ കഴിയും. ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചർ, AK-630 ആന്റി മിസൈൽ തോക്ക് സംവിധാനം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.