Monday, November 25, 2024

രാജ്യത്തെ 81.5 കോടി ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു: ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയെന്ന് വിദഗ്ദര്‍

ഇന്ത്യയിലെ 81.5 കോടി ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്ന് സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) ഡാറ്റാബേസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

മോഷ്ടിച്ച വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യംചെയ്ത വിവരം ‘pwn0001’ എന്ന യൂസര്‍ നെയിമിലുള്ള ഒരു ഹാക്കറാണ് പൊതുജനശ്രദ്ധയില്‍പെടുത്തിയത്. ഹാക്കര്‍ പങ്കിട്ട ഡാറ്റ അനുസരിച്ച്, വ്യക്തികളുടെ പേര് വയസ്, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പറുകള്‍, അഡ്രസ്, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കോവിഡ്-19 പരിശോധനയ്ക്കിടെ ഐ.സി.എം.ആര്‍ ശേഖരിച്ച വിവരങ്ങളില്‍നിന്നാണ് ഈ ഡാറ്റ ചോര്‍ന്നതെന്നും ഹാക്കര്‍ അവകാശപ്പെടുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ 9 -നാണ്, ‘pwn0001’ ഡാറ്റാ ചോര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ചോര്‍ന്ന വിവരങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യവിവരങ്ങളുള്ള 1,00,000 ഫയലുകളുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. അവയുടെ കൃത്യത പരിശോധിക്കാന്‍ ആധാര്‍ വിവരങ്ങള്‍ ആധികാരികമാക്കുന്ന ഒരു സര്‍ക്കാര്‍ പോര്‍ട്ടലിന്റെ ‘വേരിഫൈ ആധാര്‍’ ഫീച്ചര്‍ ഉപയോഗിച്ച് ഈ രേഖകളില്‍ ചിലത് സ്ഥിരീകരിച്ചെന്നാണ് വിവരം. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യയും (സി.ഇ.ആര്‍.ടി-ഇന്‍) ലംഘനത്തെക്കുറിച്ച് ഐ.സി.എം.ആറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest News