കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം. വികസന പ്രവര്‍ത്തനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്് ഈ മാസം 31-നകം സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനമായി.
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. കേന്ദ്രത്തില്‍ നിന്ന് അന്തേവാസികള്‍ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തില്‍ അഞ്ചാം വാര്‍ഡിലെ ഓട് മാറ്റി ഷീറ്റിടാന്‍ തീരുമാനമായമായി. എളുപ്പത്തില്‍ ഓടിളക്കി രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ വാര്‍ഡിന്റെ താഴെ ഭാഗത്താണ് ഷീറ്റിടുക. ഇവിടെ നിന്ന് ഏഴാം വാര്‍ഡിലേക്ക് പോകുന്ന ഭാഗത്തുള്ള മതിലിന് ഉയരം കൂട്ടും. ഒരു പാചകക്കാരനെ നിയമിക്കാന്‍ സര്‍ക്കാരില്‍ ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.
അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതുതായി നാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഒഴിവുള്ള മറ്റ് തസ്തികകളിലേക്ക് ജീവനക്കാരനെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.