Sunday, November 24, 2024

പോലീസ് സ്റ്റേഷനുകളുടെ ചുമതല തിരികെ എസ്.ഐമാര്‍ക്ക് കൈമാറുന്നു; ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും

സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളുടെ ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും എസ്.ഐമാര്‍ക്ക് തിരിച്ചേല്‍പ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. രണ്ട് സ്റ്റേഷന്റെ ചുമതല നിര്‍വ്വഹിച്ചിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഒന്നിലേക്ക് ഒതുക്കിയ പരിഷ്‌ക്കാരം പാളിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃരാലോചന.

2018 നവംബര്‍ ഒന്നിനായിരുന്നു അന്നത്തെ പോലിസ് മേധാവി ലോക്നാഥ് ബെഹ്റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌ക്കരണം നടന്നത്. സംസ്ഥാനത്തെ 472 പോലീസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരില്‍ നിന്നും ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറി. എസ്.ഐമാരുടെ തസ്തിക ഇന്‍സ്പെക്ടര്‍ റാങ്കിലേക്ക് ഉയര്‍ത്തുകയും 218 പേര്‍ക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നല്‍കുകയും ചെയ്തു.

നാലുവര്‍ഷം പിന്നിടുമ്പോള്‍ പരിഷ്‌ക്കരണം വേണ്ടത്ര ഫലമുണ്ടാക്കിയെന്നാണ് അന്തിമ വിലയിരുത്തല്‍. എല്ലാ ഉത്തരവാദിത്തവും ഇന്‍സ്പെക്ടറിലേക്ക് വന്നു ചേര്‍ന്നതോടെ പലര്‍ക്കും മാനസിക സംഘര്‍ഷങ്ങളും ശാരീരിക പ്രശ്നങ്ങളുമുണ്ടായി. ഗ്രേഡ് എസ്.ഐമാരുടെ പ്രമോഷനെയും പുതിയ സംവിധാനം തകിടം മറിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാനത്തെ ചില പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ ഒഴികെ മറ്റ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് തിരികെ നല്‍കാനും മേല്‍നോട്ട ചുമതലകളിലേക്ക് ഇന്‍സ്പെക്ടര്‍മാരെ മടക്കികൊണ്ടുവരാനുമാണ് സമിതിയുടെ ശുപാര്‍ശ. കേസുകള്‍ കുറവുള്ള 210 സ്റ്റേഷനുകളിലെ ഭരണം ആദ്യ ഘട്ടത്തില്‍ എസ്.ഐമാര്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം. എസ്.ഐമാരുടെ റാങ്ക് പട്ടിക നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പേരെ ഇപ്പോള്‍ നിയോഗിക്കാനും കഴിയും.

 

Latest News