Thursday, April 3, 2025

‘ഡൈ-ഇന്‍’: മരിച്ച പോലെ കിടന്ന് പലസ്തീനികള്‍ക്ക് സ്പാനിഷ് ജനതയുടെ ഐക്യദാര്‍ഢ്യം

ഇസ്രായേല്‍ വംശഹത്യക്ക് ഇരയായ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സ്പാനിഷ് ജനത. നൂറു കണക്കിന് സ്പാനിഷുകാര്‍ തെരുവില്‍ മരിച്ച പോലെ കിടന്നാണ് പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യമൊരുക്കിയത്. സ്പെയിനിലെ ബില്‍ബാവോയുടെ ഗുഗഗന്‍ഹൈം മ്യൂസിയത്തിന് പുറത്താണ് റോഡില്‍ ആളുകള്‍ മരിച്ച പോലെ കിടന്നത്.

ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനിയന്‍ സിവിലിയന്മാരെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുകയായിരുന്നു ഇതിലൂടെ. ‘ഡൈ-ഇന്‍’ എന്ന പേരിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം പുറത്തുവിട്ടിട്ടുണ്ട്.

മധ്യ ഗസയിലെ നുസെറാത്ത് അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് 210 പലസ്തീനികളെ കൊലപ്പെടുത്തിയ ദിവസമായിരുന്നു ഈ പ്രതിഷേധം. 400-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഗസ വംശഹത്യ 247ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 37,084 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. അവരില്‍ 71 ശതമാനം സ്ത്രീകളും കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളുമാണ്. 84,494 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പതിനായിരത്തിലധികം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് ഗസയില്‍ നിന്ന് പുറത്തുവരുന്ന വിവരം.

 

Latest News