നിലവിലെ ഐടി നിയമത്തിനു പകരമായി ഡിജിറ്റൽ ഇന്ത്യ നിയമം കൊണ്ടുവരുവാൻ ഒരുങ്ങി കേന്ദ്രം. ബില്ലിന്റെ കരടുരൂപം ഈ മാസം അവസാനത്തോടെ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ഐടി മന്ത്രാലയം പ്രസിദ്ധീകരിക്കും. 22 വർഷം പഴക്കമുള്ള ഐടി നിയമം ഇന്റർനെറ്റിന്റെ പുതിയ കാല വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഡിജിറ്റൽ ഇന്ത്യ നിയമം കൊണ്ടുവരുന്നത്.
സമൂഹമാധ്യമ കമ്പനികൾ അവരുടെ കംപ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന രീതിയിലടക്കം സുതാര്യത നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ ബില്ലിലുണ്ടാകും. വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കു അർഹിക്കുന്ന പ്രതിഫലം നൽകണമെന്ന വ്യവസ്ഥയും ബില്ലിലുണ്ടാകുമെന്നാണു സൂചന. പല വിഭാഗത്തിൽപ്പെട്ട വമ്പൻ ഇന്റർനെറ്റ് കമ്പനികൾക്ക് നിലവിൽ ഒരേ തരത്തിലാണു നിയമം. ഇതിനു പുതിയ ബില്ലിൽ മാറ്റങ്ങൾ ഉണ്ടാകും.