കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡി.പി.ഡി.പി) ബില്ലില്‍ ആശങ്ക അറിയിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ രംഗത്ത്. ബില്ലിലെ ചില വ്യവസ്ഥകൾ മാധ്യമസ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംഘടനയുടെ ആരോപണം. സംഘടന ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“ഡി.പി.ഡി.പി ബിൽ ഉണ്ടാകുന്ന ചട്ടക്കൂട് പൊതുജനങ്ങളെപ്പോലെ, മാധ്യമപ്രവർത്തകരെയും മാധ്യമ ഉറവിടങ്ങളെയും നിരീക്ഷിക്കും. അതിനാൽ ബില്ലിൽ ആശങ്കയുണ്ട്” – എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ബില്ലിലെ 36 സെക്ഷൻപ്രകാരം, മാധ്യമപ്രവർത്തകരും അവരുടെ ഉറവിടങ്ങളുമുൾപ്പെടെ എല്ലാ പൗരന്മാരുടെയും സ്വകാര്യവിവരങ്ങൾ നൽകണമെന്ന്, സർക്കാരിന് സ്ഥാപനത്തോട് ആവശ്യപ്പെടാമെന്നും ഗിൽഡ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, പാർലമെന്റിലെ രാഷ്ട്രീയ പാർട്ടിനേതാക്കൾ എന്നിവർക്ക് ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ച് കത്തെഴുതിയിട്ടുണ്ടെന്നും ഗിൽഡ് പറയുന്നു.
ആഗസ്റ്റ് മൂന്നിനാണ് സർക്കാർ ഡി.പി.ഡി.പി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യക്തികളുടെ ഡിജിറ്റൽ ഡാറ്റ ദുരുപയോഗം ചെയ്യുകയോ, സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 250 കോടി രൂപവരെ പിഴചുമത്തും. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് നിർദ്ദിഷ്ട നിയമനിർമ്മാണം ലക്ഷ്യമിടുന്നത്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ച് ആറുവർഷത്തിനു ശേഷമാണ് ബിൽ നിലവിൽവരുന്നത്.