Tuesday, November 26, 2024

ഡിജിറ്റൽ രൂപ പരീക്ഷണ ഇടപാട് നാളെ മുതൽ നിലവിൽ വരും; ആദ്യഘട്ടം തിരഞ്ഞെടുക്കപ്പെട്ട നാലു നഗരങ്ങളിൽ

രാജ്യത്തെ ഡിജിറ്റൽ കറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് നാളെ തുടക്കമിടും. മുംബൈ, ഡൽഹി, ബെംഗളൂരു, ഭൂവനേശ്വർ എന്നീ നഗരങ്ങളിലാണ് ഇ-റുപ്പി ആദ്യഘട്ടത്തിലെത്തുക. പേപ്പർ കറൻസിയുടെ അതേ മൂല്യമായിരിക്കും ഡിജിറ്റൽ കറൻസിക്കും. റിസർവ് ബാങ്കിനാണ് ഡിജിറ്റൽ റുപ്പിയുടെ ഉടമസ്ഥാവകാശം. ഇടപാടുകൾ സുഗമമാക്കുക, സുതാര്യമാക്കുക, വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-റുപ്പി ആർബിഐ അവതരിപ്പിക്കുന്നത്.

നാല് നഗരങ്ങളിലെ പരീക്ഷണ ഇടപാടുകൾക്ക് ശേഷം അഹമ്മദാബാദ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, ലഖ്‌നൗ, പാട്‌ന, ഷിംല എന്നീ നഗരങ്ങളിലേയ്ക്ക് ഡിജിറ്റൽ കറൻസി വ്യാപിപ്പിക്കുമെന്നും ആർബിഐ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്സി എന്നീ ബാങ്കുകളെയാണ് ആദ്യഘട്ടം നടപ്പാക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളിലൂടെ പ്രവർത്തനം പിന്നീട് വ്യാപിപ്പിക്കും. ഇ-റുപ്പിക്ക് സാധാരണ കറൻസിയുമായി രൂപ സാദൃശ്യം ഉണ്ടായിരിക്കും.

ക്രിപ്‌റ്റോ കറൻസികൾക്കുമേൽ നിയന്ത്രണം കൊണ്ടുവരിക എന്നൊരു ലക്ഷ്യം കൂടി ഡിജിറ്റൽ റുപ്പി അവതരിപ്പിക്കുന്നതിന് പിന്നിലുണ്ട്. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ ബ്ലോക്ക് ചെയിൻ ടെക്‌നോളജിയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒരു കേന്ദ്രീകൃത അതോറിറ്റി ഇല്ലാതെയാണ് ഡിജിറ്റൽ കറൻസികൾ സാധാരാണയായി പ്രവർത്തിക്കുക.

Latest News