67 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഇരപിടിയൻപക്ഷികളുടെ ഫോസിൽ അവശിഷ്ടങ്ങൾ വടക്കേ അമേരിക്കയിലെ മൊണ്ടാനയിൽനിന്നും ഗവേഷകർ കണ്ടെത്തി. ഈ ഇരപിടിയൻപക്ഷികൾ ഡൈനോസർ കാലഘട്ടത്തിൽ അവയോടൊപ്പം ജീവിച്ചിരുന്നു എന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്.
രണ്ട് പുതിയ ഇനം പക്ഷികളെ തിരിച്ചറിഞ്ഞ ഗവേഷകർ ഇതുവരെ പേരിടാത്ത ഒരു ഇനവും കണ്ടെത്തിയിട്ടുണ്ട്. ആധുനിക പരുന്തുകൾക്കു സമാനമായ ഈ പക്ഷികൾ ചെറിയ സസ്തനികൾ, പല്ലികൾ, മറ്റു പക്ഷികൾ എന്നിവയെ വേട്ടയാടിയായിരുന്നു ജീവിച്ചിരുന്നതെന്ന്, അതിന്റെ കാലിന്റെ അസ്ഥികളടങ്ങുന്ന ഫോസിലുകൾ സൂചിപ്പിക്കുന്നു.
അവിസോറസ് ഡാർവിനി എന്ന ഗണത്തിൽപ്പെടുന്ന ഫോസിലിന് ഏകദേശം 4.25 അടിയോളമുള്ള (1.3 മീറ്റർ) ചിറകുകൾ ഉണ്ടായിരുന്നു. ഇതിന്റെ രൂപം ഒരു വലിയ പരുന്തിനോട് താരതമ്യപ്പെടുത്താവുന്നതാണ്.
ഈ പുരാതന ഇരപിടിയൻപക്ഷികൾ ആധുനിക ജീവിവർഗങ്ങളുടെ നേരിട്ടുള്ള പൂർവീകരല്ല. നിലവിലെ കണ്ടെത്തൽ ഡൈനോസർ കാലഘട്ടത്തിലെ പക്ഷിപരിണാമത്തെക്കുറിച്ചുള്ള അറിവിന്റെ വിടവുകൾ നികത്തുന്നു.