Monday, November 25, 2024

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടുത്ത ജാതിവിവേചനമെന്ന് റിപ്പോര്‍ട്ട്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടുത്ത ജാതിവിവേചനമെന്ന് റിപ്പോര്‍ട്ട്. ഐഐടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ ആത്മാഭിമാനവും ജീവിതവും നശിപ്പിക്കും വിധം ജാതിവിവേചനം വേരൂന്നിയതായി പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് മഹാരാഷ്ട്ര യൂനിറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ബോംബെ ഐഐടിയില്‍ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ദര്‍ശന്‍ സോളങ്കി ആത്മഹത്യചെയ്ത സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്.

കടുത്ത ജാതി വിവേചനം നേരിട്ടിരുന്നതായി സഹോദരി ഉള്‍പ്പെടെയുള്ള ബന്ധുക്കളെ ദര്‍ശന്‍ സോളങ്കി അറിയിച്ചിരുന്നു. 2014നും 2021നുമിടയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യ ചെയ്ത 122 വിദ്യാര്‍ഥികളില്‍ 68 ശതമാനവും സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരാണ്. ഇത് ജാതീയത വ്യവസ്ഥാപിതമായി വേരൂന്നിയതിന്റെ ലക്ഷണങ്ങളാണ്. അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും ജാതിവിവേചനം നേരിടുന്നത് പിന്നാക്ക വിദ്യാര്‍ഥികളുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുന്നു.

ജാതി വെളിപ്പെട്ടാല്‍ പിന്നീട് ഒറ്റപ്പെടുത്തുന്ന അവസ്ഥയുമുണ്ട്. കാന്റീനിലെ ഭക്ഷണം പാകം ചെയ്യലിലും തീന്‍മേശ, ശുചിമുറി അടക്കമുള്ള ഇടങ്ങളിലും വിവേചനം നേരിടുന്നു. സംവരണം നേടിയവര്‍ ഒന്നിനും കൊള്ളില്ലെന്നും രാജ്യത്തിന് ഭാരമാണെന്നുമുള്ള പരസ്യ നിലപാട് ചില അധ്യാപകരും പ്രകടിപ്പിക്കുന്നു. വിവേചനം തടയാനും മറ്റുമായുള്ള പട്ടിക ജാതി, വര്‍ഗ സെല്‍ പേരിന് മാത്രമാണെന്നും പരാതികള്‍ പിന്‍വലിപ്പിക്കുന്ന അവസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News