ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ തിരിച്ചു വരവ് പ്രഖ്യാപിച്ച ഹിമാചലിൽ സർക്കാർ രൂപീകരിക്കുന്നതിന് തിരക്കിട്ട ചർച്ചകൾ തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെയും ഉയർത്തിക്കാണിക്കാതെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ സമവായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്താനാണ് കോൺഗ്രസിൻറെ പരിശ്രമം.
രാജ്യം ഉറ്റു നോക്കിയ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ വൻ പരാജയം നേടിയപ്പോൾ ബിജെപിയെ നിഷ്ഭ്രമമാക്കിയാണ് കോൺഗ്രസ് ഹിമാചലിൽ ഭരണം പിടിച്ചെടുത്തത്. സംസ്ഥാനത്തെ 68 നിയമസഭാ സീറ്റുകളിൽ 40ലും വിജയിച്ചാണ് കോൺഗ്രസ് തേരോട്ടം നടത്തിയത്. അതേസമയം ബിജെപിയുടെ കുതിരക്കച്ചവട നീക്കം പ്രതിരോധിക്കാൻ എംഎൽഎമാരെ ഛത്തീസ്ഗഢിലേക്ക് മാറ്റുമെന്നും അഭ്യുഹങ്ങളുണ്ട്.
ഹിമാചലിൽ കോൺഗ്രസിന് ഭൂരിപക്ഷമുണ്ടെങ്കിലും സർക്കാരുണ്ടാക്കാൻ കടമ്പകൾ ഏറെ ഉണ്ടെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ ഷിംലയിലെ കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിൽ ഇന്ന് നിയമസഭാ കക്ഷി യോഗം ചേരുമെന്നും വിവരമുണ്ട്. പിസിസി അധ്യക്ഷ പ്രതിഭ സിംഗ്, മുൻ പിസിസി അധ്യക്ഷൻ സുഖ്വിന്ദർ സിംഗ്, അഗ്നിഹോത്രി എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനാണ് കോൺഗ്രസ് നീക്കമെങ്കിൽ തുടർ ചർച്ചകൾ ഡൽഹി കേന്ദ്രീകരിച്ചാകും നടക്കുക.