ഇന്ത്യയിലെ വിവിധ ന്യൂനപക്ഷ സമൂഹങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള ഫണ്ട് ദുരുപയോഗിക്കപ്പെടുകയും നൂറുകണക്കിന് കോടി രൂപ നിയമവിരുദ്ധമായി വ്യാജ ബാങ്ക് അക്കൗണ്ടുകൾവഴി ചിലർ കൈവശപ്പെടുത്തുകയും ചെയ്തു എന്ന മാധ്യമ റിപ്പോർട്ടുകൾ നടുക്കമുളവാക്കുന്നതാണ്. രാജ്യത്തുടനീളം വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ ഇതുപോലെ വിവിധ തരത്തിൽ നടക്കുന്നുണ്ട് എന്ന കണ്ടെത്തൽ കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 21 സംസ്ഥാനങ്ങളിലായി 40 കോടി വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഇത്തരം ഇടപാടുകൾക്കായി നിലവിലുണ്ടെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ന്യൂനപക്ഷ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കിടയിൽ മാത്രം 830 സ്ഥാപനങ്ങൾ വഴിയായി 144 കോടി രൂപയുടെ കൃത്രിമങ്ങൾ നടന്നതായി സിബിഐ കണ്ടെത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒരുപോലെ അവകാശപ്പെട്ട സഹായധനം ചില സ്ഥാപിത തൽപ്പരരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ബാങ്കുകളുടെയും ഒത്താശയോടെ അനധികൃതമായും നിയമവിരുദ്ധമായും കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യം അത്യന്തം ദൗർഭാഗ്യകരമാണ്. യഥാർത്ഥത്തിൽ സാമ്പത്തിക പിന്തുണ ആവശ്യമുള്ള സമുദായങ്ങളെയും വ്യക്തികളെയും പിന്തള്ളി അനർഹമായ ആനുകൂല്യങ്ങൾ ചിലർ നേടിയെടുക്കുന്നതോടൊപ്പം ഗുരുതരമായ അഴിമതിയും ഈ മേഖലയിൽ നടക്കുന്നു എന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഗൗരവമായി കാണാനും അടിയന്തിര ഇടപെടലുകൾ നടത്താനും കേന്ദ്രസർക്കാർ തയ്യാറാകണം. ദേശീയ അന്വേഷണ ഏജൻസികളുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണങ്ങൾ ഉണ്ടാവുകയും ശക്തമായ നിയമനടപടികൾ ഉറപ്പു വരുത്തുകയും വേണം.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും സർക്കാർ സഹായം അർഹിക്കുന്ന ഏവർക്കും ഭരണഘടനാപരമായും നീതിനിഷ്ഠമായുമുള്ള പരിഗണന നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങൾ പ്രത്യേകമായ ശ്രദ്ധചെലുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.