അമേരിക്കയിലെ പെന്‍സല്‍വാനിയായില്‍ ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ബില്‍ നിയസഭ പാസാക്കിയതായാണ് വിവരം. ദീപാവലി ഔദ്യോഗിക അവധി ദിനമാക്കുന്നതിനുള്ള ബില്‍ പെൻസിൽവാനിയ സെനറ്റർമാരായ ഗ്രെഗ് റോത്ത്മാനും നികിൽ സാവലും ചേര്‍ന്നാണ് അവതരിപ്പിച്ചത്.
“ദീപാവലിയെ ഔദ്യോഗിക അവധിയായി അംഗീകരിക്കാൻ സെനറ്റ് ഏകകണ്ഠമായി വോട്ട് ചെയ്തു. പ്രകാശത്തിന്‍റെയും സാഹോദര്യത്തിന്‍റെതുമായ ഈ ഉത്സവം ആഘോഷിക്കുന്നത് സാംസ്കാരിക വൈവിധ്യത്തെ ശക്തിപ്പെടുത്തും” -പെന്‍സല്‍വാനിയ സെനറ്ററും ഇന്ത്യന്‍ വംശജനുമായ നികിൽ സാവല്‍ ട്വീറ്റ് ചെയ്തു. ആറു ലക്ഷത്തിലധികം ഏഷ്യൻ അമേരിക്കക്കാർ താമസിക്കുന്ന സ്ഥലമാണ് പെൻസിൽവാനിയ. അതിൽ ഏറ്റവും വലിയ ഉപഗ്രൂപ്പ് ഇന്ത്യൻ അമേരിക്കക്കാരടങ്ങുന്ന വിഭാഗമാണ്. ഇതില്‍ ഏകദേശം രണ്ടുലക്ഷം ഇന്ത്യൻ അമേരിക്കൻ നിവാസികൾ എല്ലാ വർഷവും ദീപാവലി ആഘോഷിക്കുന്നവരാണ്.
ഈ വര്‍ഷത്തെ ദീപാവലി നവംബര്‍ 12 ന് പെൻസിൽവാനിയായില്‍ ആഘോഷിക്കാനും സെനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗിക അവധിയായി ദീപാവലിയെ പ്രഖ്യപിച്ചുവെങ്കിലും സ്കൂളുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും അടയ്ക്കാന്‍ ബില്ലില്‍ നിര്‍ദ്ദേശമില്ല.