Thursday, April 3, 2025

അടിക്കരുത് കുട്ടികളെ

ബോര്‍ഡില്‍ എഴുതിക്കൊടുത്തത് ഡയറിയിലേക്കു പകര്‍ത്താതെ കളിച്ചിരുന്നു എന്ന് ആരോപിച്ച് യു. കെ. ജി. വിദ്യാർഥിയെ അധ്യാപിക ചൂരലുകൊണ്ട് തല്ലി. അഞ്ചുവയസ്സുകാരന്റെ കാലില്‍ നിരവധി മുറിവുകളും പാടുകളും ഉണ്ടായി. തൃശ്ശൂര്‍ കുരിയച്ചിറ സെന്റ്‌ ജോസഫ്‌സ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. ആദ്യം ചൂരല്‍കൊണ്ട് അടിച്ചപ്പോള്‍ കരയാതിരുന്നതിനാല്‍ വീണ്ടും വീണ്ടും അടിച്ചുവെന്നാണ് പറയുത്. അധ്യാപികയ്‌ക്കെതിരെ ജുവനല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏല്പിച്ചതിനും കേസുണ്ട്. അധ്യാപികയെ ജോലിയില്‍നിന്ന് സസ്‌പെന്റ് ചെയ്തു. തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ ഇടക്കാലജാമ്യത്തില്‍ വിട്ടു.

മറ്റൊരു പത്രവാര്‍ത്ത മട്ടാഞ്ചേരിയില്‍ നിന്നാണ്. ചോദ്യത്തിന് ഉത്തരം നല്കാത്തതില്‍ പ്രകോപിതയായ, മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട് കിഡ്‌സ് സ്കൂളിലെ അധ്യാപിക മൂന്നര വയസ്സുകാരന്റെ പുറത്താണ് ചൂരല്‍പ്രയോഗം നടത്തിയത്. പുറത്ത് നിറയെ ചൂരല്‍കൊണ്ട് അടിച്ച പാടുകളുണ്ട്. അധ്യാപികയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പ്ലേസ്കൂളിന്റെ പ്രവര്‍ത്തനം തടയാനും വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു.

ഇത്തരം ശാരീരികശിക്ഷകള്‍ കുറ്റകരവും ശിക്ഷാര്‍ഹവുമെന്നതിനെക്കാള്‍ അവ കുട്ടികളില്‍ സൃഷ്ടിക്കുന്ന മനോവ്യാപാരങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെയും വ്യക്തിത്വവികസനത്തെയും ദോഷകരമായി ബാധിക്കുമെന്ന് നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. അടിയും മറ്റ് ശാരീരിക-മാനസികശിക്ഷകളും തലച്ചോറിന്റെ വികാസപ്രക്രിയയെ ദോഷകരമായി ബാധിക്കും. അവ തലച്ചോറിന്റെ സര്‍ക്യൂട്ടുകളില്‍ വ്യത്യാസമുണ്ടാക്കുന്നു. ഇവരുടെ തലച്ചോറിന്റെ ഘടനയിലും അതിന്റെ പ്രവര്‍ത്തനത്തിലും ചില പ്രത്യേക അടയാളങ്ങള്‍ കാണാനാകും. ഇത്തരം ശിക്ഷകള്‍ ഏറ്റുവാങ്ങിയവര്‍ മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ രോഗികളായി മാറിയേക്കാം. ഇവരില്‍ ശാരീരികരോഗങ്ങള്‍ കൂടുതലാണ്. ഇവരില്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിയേക്കാം. അപകടത്തില്‍പ്പെടുന്നവര്‍, ആത്മഹത്യാപ്രവണത കാണിക്കുന്നവര്‍, അപകര്‍ഷതാബോധത്താല്‍ ജീവിതവിജയം ഉണ്ടാകാത്തവര്‍, ആത്മവിശ്വാസമില്ലാത്തവര്‍, കോപം, പ്രതികാരവാഞ്ച എന്നിവ പ്രകടിപ്പിക്കുന്നവര്‍, സ്വയം മതിപ്പില്ലാത്തവര്‍, പ്രതിസന്ധികളെ നേരിടാന്‍ കഴിയാതെ പോകുന്നവര്‍, ഭയവും നിരാശയുമുള്ളവര്‍, ദു:സ്വഭാവികള്‍, അന്തര്‍മുഖര്‍, ആക്രമണവാസനക്കാര്‍, കുടുംബാംഗങ്ങളോട് അകല്‍ച്ച കാണിക്കുന്നവര്‍, ഉത്തരവാദിത്വബോധമില്ലാത്തവര്‍ തുടങ്ങിയ വ്യക്തിത്വപ്രശ്‌നങ്ങള്‍ക്കെല്ലാം കഠിനമായ ശാരീരികശിക്ഷകള്‍ കാരണമാകാറുണ്ട്. കുട്ടികളോടുള്ള സ്‌നേഹക്കുറവും അവഗണനയും ക്രൂരതയും അവരെ പ്രശ്‌നസന്തതികളും കുറ്റവാളികളുമാക്കുന്നു.

ശാരീരികപീഡനങ്ങളെക്കാള്‍ കൂടുതല്‍ ആപത്കരം മാനസികപീഡനങ്ങളാണ്. കളിയാക്കല്‍, കുറ്റപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, പരിഹസിക്കല്‍, താരതമ്യപ്പെടുത്തല്‍, താഴ്ത്തിക്കെട്ടല്‍, മുറിയില്‍ അടച്ചുപൂട്ടല്‍, വീട്ടില്‍നിന്നു പുറത്താക്കല്‍, മറ്റുള്ളവരുടെ മുന്നില്‍വച്ച് കുറ്റം പറയല്‍, വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടി മോശമായി സംസാരിക്കല്‍ തുടങ്ങിയവയെല്ലാം മാനസികപീഡനങ്ങളാണ്. ഇവയെല്ലാം മനസ്സില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കും. മുറിവുകള്‍ സമ്മാനിച്ചവരെ കുട്ടികള്‍ വെറുക്കും; അവരില്‍ നിന്നകലും. ജീവിതകാലം മുഴുവന്‍ ഇവ മായാത്ത വടുവായി മനസ്സില്‍ കിടക്കും. കുട്ടികളുടെ മാനസികാവസ്ഥ താറുമാറായാല്‍, ആത്മാഭിമാനത്തിനു ക്ഷതമേറ്റാല്‍ ആനയ്ക്ക് മദം പൊട്ടുന്നതുപോലെ ഒരു ദിവസം അവര്‍ പൊട്ടിത്തെറിക്കും, പിന്നെ നാശങ്ങളുടെ വേലിയേറ്റമാണ് സംഭവിക്കുക.

ശിക്ഷയുടെ കാഠിന്യമല്ല, ശിക്ഷയുടെ ഉദ്ദേശം സംബന്ധിച്ച തിരിച്ചറിവാണ് ഒരു കുട്ടിയെ ദു:സ്വഭാവങ്ങളിൽനിന്നു പിന്തിരിപ്പിക്കുന്നത്. അതുകൊണ്ട് ആക്രോശം, വടി, അടി, വഴക്ക് മുതലായ ധാര്‍മ്മിക രോഷപ്രകടനങ്ങളും ദേഷ്യശമന മാര്‍ഗങ്ങളും മാറ്റിവച്ച് തിരിച്ചറിവ് നല്കുന്ന ഫലപ്രദമായ മറ്റു ക്രിയാത്മക മാര്‍ഗങ്ങള്‍ ശിക്ഷണത്തിനായി സ്വീകരിക്കണം. ചെയ്ത തെറ്റിനെക്കുറിച്ച് ഉള്‍ക്കാഴ്ച നല്കി തിരുത്തലിനുവേണ്ടിയാകണം ശ്രമിക്കേണ്ടത്. ‘ശിക്ഷ’ എന്ന പദത്തിന് ബോധനം, പരിശീലനം എന്നാണർഥം. തെറ്റ് ബോധ്യപ്പെടുത്തുക, ശരി ചെയ്യാന്‍ പരിശീലിപ്പിക്കുക. അതാണ് ശിക്ഷകൊണ്ട് ഉദ്ദേശിക്കുത്. ശിക്ഷണം എന്നാൽ വളരാനും വളര്‍ത്താനും സഹായിക്കുന്ന സമീപനമാണ്. ‘അരുത്’ എന്നതിനെക്കാള്‍ ‘എങ്ങനെ’ എന്ന് കാണിച്ചുകൊടുത്തു പഠിപ്പിക്കലാണ് ശിക്ഷണം. ശിക്ഷണം രക്ഷയുടെ സമീപനമാണ്. വാത്സല്യപൂര്‍വം തെറ്റ് തിരുത്താന്‍ കുട്ടിയെ സഹായിക്കണം. അതിന് ക്ഷമയും സഹിഷ്ണുതയും വേണം. കരുതലും കരുണയും കാട്ടുക, അവരെ സ്‌നേഹിക്കുക, താങ്ങും തണലുമേകി അവരോടൊപ്പമായിരിക്കുക അതാണ് ശിക്ഷയുടെ ശാസ്ത്രം. അല്ലാതെ തല്ലലല്ല.

അഡ്വ. ചാര്‍ളി പോള്‍
ട്രെയ്‌നര്‍, മെന്റര്‍

Latest News