Friday, July 5, 2024

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എന്‍ 1, എലിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പനി ലക്ഷണങ്ങള്‍

ഡെങ്കിപ്പനി

കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളില്‍ വേദന

എലിപ്പനി

പനിയോടൊപ്പം നടുവേദന, കാലിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ നിറം

കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍,കെട്ടിട നിര്‍മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിപ്പണിക്കാര്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ കഴിക്കണം.

എച്ച്1 എന്‍1

ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയില്‍, ഛര്‍ദ്ദി, വയറിളക്കം

എച്ച് 1 എന്‍ 1 ചികിത്സയ്ക്കുള്ള ഒസള്‍ട്ടമിവിര്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമത്തില്‍ കഴിയുക. കഴിയുന്നതും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക. പുറത്ത് ഇടപഴകുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുക.

രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ചെയ്ത് സമയം പാഴാക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടണം. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, വൃക്ക-കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍, ഗര്‍ഭിണികള്‍, പൊണ്ണത്തടിയുള്ളവര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനെ ചികിത്സിക്കണം.

വിദ്യാര്‍ത്ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദ്യാലയങ്ങളില്‍ അയക്കരുതെന്നും ഡി.എം.ഒ അറിയിച്ചു.

esanjeevaniopd. in ല്‍ ലോഗിന്‍ ചെയ്ത് ഇ- സഞ്ജീവനിയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. സംശയനിവാരണത്തിനായി ദിശയുമായി ബന്ധപ്പെടാം. ദിശ നമ്പര്‍ : 1056/104/ 0471 255 2056.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News