തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. തുളസി, പിച്ചി പൂവുകള്‍ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. പൂജയ്ക്ക് അരളി ഉപയോഗിക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. നാളെ മുതല്‍ ക്ഷേത്രത്തില്‍ തീരുമാനം നടപ്പിലാക്കും.
അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയം വലിയ ചര്‍ച്ചയായത്. പത്തനംതിട്ടയില്‍ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തതും വാര്‍ത്തയായി. തുടര്‍ന്നാണ് അരളിയിലെ വിഷാംശം ചര്‍ച്ചയായതും ശാസ്ത്രീയ പരിശോധനകളിലേക്കും പരിഹാരങ്ങളിലേക്കും നീങ്ങിയതും. വന ഗവേഷണ കേന്ദ്രം അരളിയിലെ വിഷത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയിരുന്നു.
ക്ഷേത്രങ്ങളില്‍ പൂജയ്ക്കും നിവേദ്യത്തിനും അരളിപ്പൂവ് ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. ഇന്ന് നടന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാന്‍ ക്ഷേത്ര ഉപദേശക സമിതികള്‍ തീരുമാനമെടുത്തിരുന്നു.