ജനങ്ങള്‍ക്കിയില്‍ ജീവിച്ച മുന്‍മുഖ്യമന്ത്രിയുടെ അവസാന യാത്രയ്ക്ക് ജനസാഗരം സാക്ഷി. ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ, പിന്നിടുന്ന വഴികളിലെല്ലാം പതിനായിരങ്ങളാണ് അനുഗമിച്ചത്. തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ കാത്തുനിന്നവരില്‍ പലര്‍ക്കും നൂറായിരം ഉമ്മന്‍ ചാണ്ടി അനുഭവങ്ങളാണ് പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നത്. ഉമ്മൻചാണ്ടി സാറിൻ്റെ മരണ വാർത്ത കേട്ട് പുതുപ്പള്ളിയിലെ വീട്ടില്‍ ആദ്യമെത്തിയ വെെക്കം കുടവച്ചൂർ സ്വദേശിയും വികലാംഗനുമായ വ്യക്തി മുതല്‍ 32 വർഷം ഉമ്മൻ ചാണ്ടിക്കൊപ്പം സദാസമയവുമുണ്ടായിരുന്ന പി എ സുരേന്ദ്രൻ എ ആർ വരെയുള്ളവര്‍ ഇതില്‍പ്പെടും. അത്തരമൊരു ഉമ്മന്‍ ചാണ്ടി അനുഭവം പങ്കുവയ്ക്കുകയാണ് കണ്ണൂരിലെ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുശീല.
പതിനാലാം വയസ്സുവരെ തന്‍റെ മകന്‍ സുജിത്തിന്റെ ലോകത്ത് ശബ്ദമുണ്ടായിരുന്നില്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ മകന്‍ സുജിത്തിന്റെ കേള്‍വി ശക്തി വീണ്ടെടുക്കാനുള്ള കോക്ലിയര്‍ ഇംപ്ലാന്റിന്റെ ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍, കണ്ണൂർ സ്വദേശിയായ സുജിത്തും മാതാവ് സുശീലയും ഡോക്ടറോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം. ആദ്യം താന്‍ കേള്‍ക്കുന്ന ശബ്ദം ഉമ്മന്‍ ചാണ്ടി സാറിന്റേതായിരിക്കണം എന്ന്.
കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പുതുപ്പള്ളിക്കാരന്‍ കുഞ്ഞുഞ്ഞിന് സുശീലയുടെ വിളിയെത്തുന്നത്. അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന കാലമാണ്. മകന്‍റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട സഹായത്തിനായിരുന്നു സുശീലയുടെ വിളി. മകന്റെ ഓപ്പറേഷനും തുടര്‍ചികിത്സയ്ക്കുമായി നാല് ലക്ഷം രൂപ ചെലവ് വരുമായിരുന്നെന്നാണ് സുശീല പറയുന്നത്. ഓപ്പറേഷനുള്ള രണ്ട് ലക്ഷം രൂപ പോലും അന്ന് അവര്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുമായിരുന്നില്ല. തന്‍റെ ദയനീയാവസ്ഥ അവര്‍ ഉമ്മന്‍ ചാണ്ടിയോടു പങ്കുവച്ചു. തിരക്കിനിടയിലും തന്റെ സങ്കടങ്ങൾ മുഴുവന്‍ അദ്ദേഹം കേട്ടെന്നാണ് സുശീല പറയുന്നത്. തുടര്‍ന്ന് കോഴിക്കോട് മിംസിൽ പോകാനും എല്ലാം പറഞ്ഞ് ഏർപ്പാടാക്കാമെന്നും ഉമ്മന്‍ ചാണ്ടി അവര്‍ക്ക് മറുപടി നല‍്കി. ഓപ്പറേഷനുള്ള പണവും തുടര്‍ ചികിത്സയ്ക്കുള്ള സഹായങ്ങളും അദ്ദേഹം ചെയ്തു നൽകുകയും ചെയ്തു. ഓപ്പറേഷനു ശേഷവും സുജിത്തിനെ കൈവിടാതെ അവന്‍റെ ആഗ്രഹം ഉമ്മന്‍ ചാണ്ടി സാര്‍ സാധിച്ചു നല്‍കി. നിശബ്ദമായിരുന്ന സുജിത്തിന്റെ ലോകത്ത് ശബ്ദത്തിന്റെ ആദ്യ വെളിച്ചം നല്‍കികൊണ്ട് ഉമ്മന്‍ ചാണ്ടി അവനോട് സംസാരിച്ചു.
ഉമ്മന്‍ചാണ്ടി എന്നത് രാഷ്ട്രീയത്തിനും അപ്പുറമുള്ള വ്യക്തിയാണെന്ന് തെളിയിച്ച ഇങ്ങനെ എത്രയോ സംഭവങ്ങള്‍. അതേ ജനകീയന്‍ എന്ന പദത്തിനു ജീവിതം കൊണ്ട് അര്‍ത്ഥം രചിച്ച അദ്ദേഹത്തെ രാഷ്ട്രീയ കേരളം തിരിച്ചറിയുന്നത് അദ്ദേഹത്തിന്‍റെ വേര്‍പാടിലൂടെയാണ്.