“പാപ്പയുടെ ആരോഗ്യം ഗുരുതരമായി. നമുക്ക് ജെമെല്ലി ആശുപത്രിയിലേക്കു പോകണം” – ഏപ്രിൽ 25 തിങ്കളാഴ്ച പുലർച്ചെ 5:30 ന് വത്തിക്കാനിൽ നിന്നുള്ള ഒരു ഫോൺ വന്നപ്പോഴാണ് ഡോ. സെർജിയോ ആൽഫിയേരി ഉണർന്നത്. വിളിച്ചത് പാപ്പയുടെ പേഴ്‌സണൽ നഴ്‌സായ മാസിമിലിയാനോ സ്ട്രാപ്പെറ്റി ആയിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ മരണം വരെ അദ്ദേഹത്തിന്റെ ഡോക്ടർമാരിൽ ഒരാളായിരുന്ന ഡോ. സെർജിയോ ആൽഫിയേരി പാപ്പയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ഇറ്റാലിയൻ മാധ്യമങ്ങളോടു സംസാരിച്ചത് ഇപ്രകാരമാണ്:
“കുറച്ച് മിനിറ്റുകൾക്കു മുൻപ് ഒരു ഗ്ലാസ് വെള്ളത്തിനായി പാപ്പ ഉണർന്നു. അദ്ദേഹം വശത്തേക്ക് തിരിഞ്ഞു. എന്തോ കുഴപ്പമുണ്ടെന്ന് നഴ്‌സ് ശ്രദ്ധിച്ചു. അങ്ങനെയാണ് അദ്ദേഹം എന്നെ വിളിക്കുന്നത്” – ഡോ. ആൽഫിയേരി വിശദീകരിച്ചു.
ഏകദേശം 20 മിനിറ്റിനുശേഷം ഡോ. ആൽഫിയേരി വത്തിക്കാനിലെ സാന്താ മാർത്ത വസതിയിൽ എത്തിയപ്പോൾ പാപ്പ കണ്ണുകൾ തുറന്നിരിക്കുകയായിരുന്നു. “അദ്ദേഹത്തിന് ശ്വസനപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് എനിക്ക് ഉറപ്പായി” – അദ്ദേഹം പറയുന്നു. “ഞാൻ പാപ്പയോടു സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം മറുപടി നൽകിയില്ല. മരുന്നുകളോടും പ്രതികരിച്ചില്ല; വേദനാസംഹാരികളോടു പോലും. പെട്ടെന്നുതന്നെ പാപ്പ കോമയിലേക്കു വീണു. ഞങ്ങൾക്ക് കൂടുതലായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.
പാപ്പയുടെ പൾസും ശ്വസനവും മന്ദഗതിയിലായി. പതിയെ പാപ്പയുടെ ആത്മാവ് നിത്യപിതാവിന്റെ പക്കലേക്കു യാത്രയായി.
പാപ്പയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞു: “യാത്രയ്ക്കിടെ പാപ്പ മരിക്കാൻ സാധ്യതയുണ്ടായിരുന്നു. മറ്റൊരു കാര്യം, അദ്ദേഹം സാന്താ മാർത്തയിൽ വച്ച് മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇൻട്യൂബേറ്റ് ചെയ്യരുതെന്നും ഫ്രാൻസിസ് പാപ്പ അഭ്യർഥിച്ചിരുന്നു.”
പാപ്പയുടെ മരണശേഷം ആ അപ്പാർട്ട്മെന്റിലെത്തിയ കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ, ഒരു ജപമാല ചൊല്ലാൻ നിർദേശിച്ചു.